ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗിന്റെ ആരംഭം ഇംഗ്ലണ്ട്-അയര്‍ലണ്ട് പരമ്പരയിലൂടെ

Sports Correspondent

ജൂലൈ 30ന് ആരംഭിക്കുന്ന ഇംഗ്ലണ്ട്-അയര്‍ലണ്ട് ഏകദിന പരമ്പരയിലൂടെ തുടക്കം കുറിയ്ക്കുക ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ്. ഇന്ന് ഐസിസി ഇതിന്മേല്‍ ഒരു അറിയിപ്പ് നല്‍കുകയായിരുന്നു. ജൂണ്‍ 2018ല്‍ ആണ് ഇതിന്റെ പ്രഖ്യാപനം വരുന്നത്. 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങളായും ഇതിനെ പരിഗണിക്കും.

2023 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആതിഥേയരെന്ന നിലയില്‍ നേരിട്ടുള്ള യോഗ്യത ലഭിച്ചിട്ടുണ്ട്. ഐസിസി ലോക ക്രിക്കറ്റ് ലീഗ് 2015-17 വിജയിച്ച നെതര്‍ലാണ്ട്സ് ഉള്‍പ്പെടെ മറ്റു 13 ടീമുകള്‍ ആണ് സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക. ഇതില്‍ ആദ്യത്തെ ഏഴ് സ്ഥാനക്കാര്‍ ലോകകപ്പിന് യോഗ്യത നേടും.

ഈ കാലയളവില്‍ ഓരോ ടീമും നാട്ടിലും വിദേശത്തുമായി നാല് വീതം പരമ്പരകള്‍ കളിക്കും. പരമ്പര ജയിക്കുന്നവര്‍ക്ക് പത്ത് പോയിന്റും ടൈ ആണെങ്കില്‍ 5 പോയിന്റും ലഭിയ്ക്കും. പരമ്പര ഫലമില്ലാതെ ഉപേക്ഷിക്കുകയാണെങ്കിലും അഞ്ച് പോയിന്റ് ലഭിയ്ക്കും. എല്ലാ പരമ്പരയിലും കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലും വേണമെന്നും ഒരു നിബന്ധനയുണ്ട്.