ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരത്തെ വിളിക്കുന്നത് ദി റുഥ് സ്ട്രോസ് ഫൗണ്ടേഷന്‍ ടെസ്റ്റെന്നാണ്. സര്‍ ആന്‍ഡ്രൂ സ്ട്രോസിന്റെ ഭാര്യയായ റുഥിന്റെ അനുസ്മരണത്തിന് വേണ്ടിയുള്ള ഫൗണ്ടേഷനോടുള്ള പിന്തുണയായി ഇംഗ്ലണ്ടും വിന്‍ഡീസും മൂന്നാം ടെസ്റ്റില്‍ ചുവന്ന തൊപ്പിയണിഞ്ഞാവും അണിനിരക്കുക.
തൊപ്പിയ്ക്ക് കൂടാതെ ലോഗോകളിലും ഷര്‍ട്ടിലും സ്റ്റംപുകളിലും ബൗണ്ടറി ഹോര്‍ഡിംഗുകളിലുമെല്ലാം ചുവപ്പിന്റെ അംശങ്ങള്‍ കാണാനാകും. ക്യാന്‍സര്‍ ബാധിച്ചായിരുന്നു റുഥ് സ്ട്രോസിന്റെ മരണം. അതിന് ശേഷമാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആയിരുന്നു ആന്‍ഡ്രൂ സ്ട്രോസ് ഇത്തരത്തില്‍ ഒരു സന്നദ്ധ സംഘടന രൂപം നല്‍കുന്നത്.
ഇംഗ്ലണ്ട് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയിരുന്ന സ്ട്രോസ് തന്റെ ഭാര്യയുടെ അന്ത്യ സമയങ്ങളില്‍ കൂട്ടിരിക്കുവാനായി പദവിയില്‍ നിന്ന് രാജി വയ്ക്കുകയായിരുന്നു. ഇത്തവണ കാണികള്‍ ഇല്ലാത്തതിനാല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക പ്രയാസകരമാകുമെന്നാണ് സ്ട്രോസ് പറയുന്നത്.