പാകിസ്ഥാൻ ദേശീയ ടീമിന് വേണ്ടി കളിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ. താൻ ലാഹോറിൽ വെച്ചാണ് ക്രിക്കറ്റ് കളിച്ചു വളർന്നതെന്നും പാകിസ്ഥാനിൽ വെച്ചാണ് കൂടുതൽ ക്രിക്കറ്റ് കളിച്ചതെന്നും താഹിർ പറഞ്ഞു. അത് കൊണ്ട് തന്നെ പാകിസ്ഥാൻ ടീമിന് വേണ്ടി കളിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും താഹിർ പറഞ്ഞു.
പാകിസ്ഥാൻ എടീമിന് വേണ്ടിയും പാകിസ്ഥാൻ അണ്ടർ 19 വേണ്ടിയും കളിച്ച ഇമ്രാൻ താഹിർ 2006ലാണ് പാകിസ്ഥാൻ വിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് പോവുന്നത്. പാകിസ്ഥാൻ വിടുന്നത് എളുപ്പമായിരുന്നില്ലെന്നും തന്റെ ഭാര്യയാണ് അതിന് പ്രേരിപ്പിച്ചതെന്നും താഹിർ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ സുമയ്യ ദിൽദറിനെ വിവാഹം കഴിച്ചതോടെ ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിക്കാൻ താഹിറിന് അവസരം ഒരുങ്ങുകുകയായിരുന്നു.
2019ൽ ദക്ഷിണാഫ്രിക്കയിൽ നാല് വർഷം പൂർത്തിയാക്കിയ ഇമ്രാൻ താഹിറിന് ദക്ഷിണാഫ്രിക്കൻ ടീമിന് വേണ്ടി കളിക്കാൻ അനുവാദം ലഭിക്കുകയും 2011ലെ ലോകകപ്പിൽ ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. 2019ലെ ലോകകപ്പിന് ശേഷം ഇമ്രാൻ താഹിർ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 20 ടെസ്റ്റ് മത്സരങ്ങളും 107 ഏകദിന മത്സരങ്ങളും 38 ടി20 മത്സരങ്ങളും ഇമ്രാൻ താഹിർ കളിച്ചിട്ടുണ്ട്.