ചാമ്പ്യൻഷിപ്പിലെ അവസാന ദിവസത്തെ നാടകീയതയ്ക്ക് ഒടുവിൽ വെസ്റ്റ് ബ്രോം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി. ഇന്ന് നടന്ന അവസാന മത്സരത്തിൽ ക്യു പി ആറിനെതിരെ സമനില നേടിയതോടെയാണ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും ഓട്ടോമാറ്റിക് പ്രൊമോഷനും വെസ്റ്റ് ബ്രോം ഉറപ്പിച്ചത്. 2-2 എന്ന സ്കോറിലാണ് മത്സരം അവസാനിപ്പിച്ചത്. മൂന്നാമതുള്ള ബ്രെന്റ്ഫോഡിന് ഒരു വിജയം കൊണ്ട് രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു.
എന്നാൽ ബ്രെന്റ്ഫോർഡിനെ അപ്രതീക്ഷിതമായ ഫലത്തിൽ ബ്രാൻസ്ലി 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി. അതും ബ്രാന്റ്ഫോർഡിന്റെ ഹോമിൽ ആയിരുന്നു ഈ പരാജയം. വെസ്റ്റ് ബ്രോം 83 പോയന്റുമായാണ് ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 81 പോയന്റുമായി ബ്രെന്റ് ഫോർഡ് മൂന്നാമതും ഫിനിഷ് ചെയ്തു. ലീഡ് യുണൈറ്റഡ് നേരത്തെ തന്നെ പ്രീമിയർ ലീഗ് പ്രൊമോഷൻ ഉറപ്പിച്ചിരുന്നു. ലീഡ്സ് ഇന്ന് 4-0 എന്ന സ്കോറിൽ ചാൾട്ടണെ തോൽപ്പിച്ചു. 94 പോയന്റുമായാണ് ലീഡ്സ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്.
ലീഗിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർ ആണ് നേരിട്ട് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടുക. വെസ്റ്റ് ബ്രോം 2018ൽ ആയിരുന്നു പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റഡ് ആയത്. ബ്രെന്റ്ഫോർഡ്, ഫുൾഹാം, കാർഡിഫ് സിറ്റി, സ്വാൻസി എന്നിവർ പ്ലേ ഓഫിന് യോഗ്യത നേടി. പ്ലേ ഓഫിലെ വിജയികൾക്കും പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടാം. ചാൾട്ടൺ, വീഗൻ അത്ലറ്റിക്ക്, ഹൾസിറ്റി എന്നിവർ ചാമ്പ്യൻഷിപ്പിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടു.