ഇന്ത്യക്ക് പുറത്ത് വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടി ബി.സി.സി.ഐ. കേന്ദ്ര സർക്കാർ യു.എ.ഇയിൽ വെച്ച് ഐ.പി.എൽ നടത്താൻ അനുമതി നൽകുകയാണെങ്കിൽ സെപ്റ്റംബറിൽ തന്നെ മത്സരങ്ങൾ നടക്കുമെന്ന് ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു. അടുത്ത ആഴ്ച നടക്കുന്ന ബി.സി.സി.ഐ ഗവേർണിംഗ് കൗൺസിൽ മീറ്റിംഗിന് ശേഷം തിയ്യതികൾ തീരുമാനിക്കുമെന്നും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനാണ് ബി.സി.സി.ഐയുടെ ശ്രമമെന്നും ബ്രിജേഷ് പട്ടേൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ബി.സി.സി.ഐ മീറ്റിംഗിൽ യു.എ.ഇയിൽ വെച്ച് ഐ.പി.എൽ നടത്താമെന്ന് ഏകദേശം തീരുമാനമായിരുന്നു. ഐ.സി.സി ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുകയും ചെയ്തതോടെ ഐ.പി.എൽ സെപ്റ്റംബർ- നവംബർ മാസങ്ങളിൽ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാവാത്തതിനെ തുടർന്ന് ഇന്ത്യയിൽ വെച്ച് ഐ.പി.എൽ നടക്കമുള്ള സാധ്യത കുറവാണെന്ന് നേരത്തെ തന്നെ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.
നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധയെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കുകയായിരുന്നു.