പകവീട്ടി ലമ്പാർഡ്, വെംബ്ലിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചതച്ചരച്ച് ചെൽസി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം ഒലെ ഗണ്ണാർ സോൾഷ്യാറിനോടും മാഞ്ചസ്റ്റർ യുണൈറ്റഡിനോടുമുള്ള കണക്കുകൾ ലമ്പാർഡ് തീർത്തു. അതും എഫ് കപ്പ് സെമി ഫൈനലിന്റെ വലിയ വേദിയിൽ വെംബ്ലിയിൽ വെച്ച്. ഒലെ ഗണ്ണാർ സോൾഷ്യറിന്റെ എല്ലാ ടാക്ടിക്സും പിഴച്ച മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. സീസണിൽ ഇതിനു മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെൽസിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചിരുന്നു. സെമിയിലെ ഈ വിജയം ലമ്പാർഡിന്റെ ആ മൂന്ന് പരാജയങ്ങളുടെയും വിഷമം തീർക്കും.

ഇന്ന് പതിവിൽ നിന്ന് മാറി ബാക്ക് 3 ഡിഫൻസുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. പോഗ്ബ, മാർഷ്യൽ, ഗ്രീൻവുഡ് എന്നിവരെ ഒക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തിരുത്തുകയും ചെയ്തു. ഇത് യുണൈറ്റഡിനെ തുടക്കം മുതൽ പ്രതിരോധത്തിൽ ആക്കി. മത്സരത്തിന്റെ തുടക്കം മുതൽ ചെൽസി ആയിരുന്നു കളി നിയന്ത്രിച്ചത്. ആദ്യ ഗോൾ പിറക്കാൻ ആദ്യ പകുതിയുടെ അവസാനമായെന്ന് മാത്രം.

റൈറ്റ് വിങ്ങിൽ നിന്ന് ആസ്പിലികെറ്റ നൽകിയ ക്രോസ് നിയർ പോസ്റ്റ് റണ്ണിലൂടെ നടത്തിയ ഫിനിഷിൽ ജിറൂഡ് വലയിൽ എത്തിച്ചു. ഡൊ ഹിയക്ക് പിടിക്കാൻ ആവുന്ന ഷോട്ടായിരുന്നു അത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ഡി ഹിയയുടെ പിഴവ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ ദുരിതം നൽകി. മേസൺ മൗണ്ടിന്റെ എളുപ്പത്തിൽ പിടിക്കാവുന്ന ലോങ് ഷോട്ട് ഡി ഹിയ തട്ടി വലയിലേക്കാണ് ഇട്ടത്. ഈ ഗോൾ കൂടെ വന്നതോടെ പിന്നെ ലീഡ് സംരക്ഷിക്കേണ്ട ജോലി മാത്രമേ ലമ്പാർഡിന്റെ ടീമിന് ഉണ്ടായിരുന്നുള്ളൂ.

എന്നിട്ടും ലമ്പാർഡ് ടീം അറ്റാക്ക് തുടർന്നു. രണ്ട് പാസുകൾ ഒരുമിച്ച് ചെയ്യാൻ വരെ ആകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടപ്പെടുന്നതാണ് കണ്ടത്. 74ആം മിനുട്ടിൽ മഗ്വയറിന്റെ സെൽഫ് ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഥ പൂർണ്ണമായും കഴിച്ചു. 85ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബ്രൂണോ ഒരു ഗോൾ നേടി എങ്കിലും ഒരു തിരിച്ചുവരവിനുള്ള സമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായിരുന്നില്ല.

ഫൈനലിൽ ആഴ്സണലിനെ ആകും ചെൽസി നേരിടുക. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചായിരുന്നു ആഴ്സണൽ ഫൈനലിൽ എത്തിയത്.