ക്രിക്കറ്റിൽ തനിക്ക് സംശയമുള്ള സമയങ്ങളിൽ എല്ലാം താൻ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ വിളിക്കാറുണ്ടെന്ന് കേരള രഞ്ജി താരം സഞ്ജു സാംസൺ. തന്റെ 18മത്തെ വയസ്സിൽ തന്നെ രാഹുൽ ദ്രാവിഡുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി താൻ കാണുന്നുണ്ടെന്നും സഞ്ജു സാംസൺ പറഞ്ഞു.
ഒരു യുവതാരവുമായി എങ്ങനെ ആശയ വിനിമയം നടത്തണമെന്ന കാര്യം രാഹുൽ ദ്രാവിഡിന് അറിയാമെന്നും സഞ്ജു സാംസൺ പറഞ്ഞു. ഒരു ടൂർണമെന്റിന് എങ്ങനെ ഒരുങ്ങണമെന്നും ജീവിതത്തിൽ വിജയത്തെയും തോൽവിയെയും എങ്ങനെ അഭിമുഖീകരിക്കണമെന്നതും രാഹുൽ ദ്രാവിഡ് തനിക്ക് പഠിപ്പിച്ച് തന്നിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. ഇന്ത്യൻ ടീമിലെ മുഴുവൻ യുവതാരങ്ങളും രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് വളർന്നെതന്നും സഞ്ജു സാംസൺ പറഞ്ഞു.
2013ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ സ്വന്തമാക്കുമ്പോൾ താരത്തിന്റെ പ്രായം 18 വയസ്സായിരുന്നു. അന്ന് രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാനുള്ള ഭാഗ്യവും സഞ്ജു സാംസണ് ലഭിച്ചിരുന്നു.