കൊറോണ വൈറസ് പടരുന്നതിനിടെ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന നിർദേശവുമായി അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐ.സി.സി കമ്മിറ്റി. പന്തിന്റെ സ്വിങ് കൂട്ടുന്നതിന് വേണ്ടി ഉമിനീർ ഉപയോഗിക്കുന്നത് താരങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നത് കണ്ടാണ് ഇത് നിരോധിക്കാൻ അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിർദേശിച്ചത്. അതെ സമയം പന്തിൽ വിയർപ്പ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടില്ല.
ക്രിക്കറ്റ് മത്സരങ്ങൾ സുരക്ഷിതമായി പുനരാരംഭിക്കാനുള്ള ഇടക്കാല നടപടികളാണ് ഈ നിർദേശങ്ങളെന്ന് അനിൽ കുംബ്ലെ പറഞ്ഞു. ഈ നിർദേശങ്ങൾ എല്ലാം അംഗീകാരത്തിനായി ഐ.സി.സി ബോർഡിന് മുന്നിൽ സമർപ്പിക്കപ്പെടും. നേരത്തെ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനെതിരെ മുൻ ഫാസ്റ്റ് ബൗളർമാരായ മൈക്കിൾ ഹോൾഡിങ്ങും വഖാർ യൂനിസും രംഗത്തെത്തിയിരുന്നു.