ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളായ സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരേക്കാൾ എല്ലാം മികച്ച താരം വിരാട് കോഹ്ലിയാണെന്ന് ഇയാൻ ചാപ്പൽ പറഞ്ഞു.
ഫിറ്റ്നസിന്റെ കാര്യമാണ് മറ്റു പല താരങ്ങളിൽ നിന്നും വിരാട് കോഹ്ലിയെ വിത്യസ്തനാക്കുന്നതെന്നും വിക്കറ്റിന്റെ ഇടയിലുള്ള വിരാട് കോഹ്ലിയുടെ ഓട്ടം മികച്ചതാണെന്നും ചാപ്പൽ പറഞ്ഞു. ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്ലി തോൽവിയെ ഭയപെടുന്നില്ലെന്നും ഒരു മത്സരം ജയിക്കാൻ കളിക്കുമ്പോൾ താരം തോൽക്കാനും തയ്യാറാണെന്നും ചാപ്പൽ പറഞ്ഞു. ഒരു ക്യാപ്റ്റൻ ആവുകയാണെങ്കിൽ ഇങ്ങനെ ആവണമെന്നും ചാപ്പൽ കൂട്ടിച്ചേർത്തു.
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും വിരാട് കോഹ്ലിയുടെ റെക്കോർഡ് അവിശ്വസനീയമാണെന്നും നിശ്ചിത ഓവർ ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ റെക്കോർഡ് വളരെ മികച്ചതാണെന്നും ചാപ്പൽ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 70ൽ അധികം സെഞ്ചുറികളും 20,000ൽ അധികം റൺസും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിലുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും വിരാട് കോഹ്ലിക്ക് 50ൽ കൂടുതൽ ആവറേജും ഉണ്ട്.