ടെന്നീസിലെ നിലവിലുള്ള റെക്കോർഡുകൾ എല്ലാം തനിക്ക് തകർക്കാൻ ആവുമെന്ന് നൊവാക് ജ്യോക്കോവിച്ച്. തനിക്ക് തകർക്കാൻ ആവാത്ത റെക്കോർഡുകൾ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നു പറഞ്ഞ ജ്യോക്കോവിച്ച് ഫെഡറർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി. ഗ്രാന്റ് സ്ലാം കിരീടനേട്ടവും കരിയർ കിരീടനേട്ടവും അടക്കം ഏറ്റവും കൂടുതൽ ആഴ്ച ലോക ഒന്നാം നമ്പർ ആയ റെക്കോർഡുകൾ എല്ലാം തകർക്കാൻ തനിക്ക് ആവും എന്ന പൂർണ്ണ ആത്മവിശ്വാസം ആണ് ജ്യോക്കോവിച്ച് പ്രകടിപ്പിച്ചത്. കൊറോണ വൈറസ് മൂലം മത്സരങ്ങൾ നിർത്തി വക്കുന്നതിനു മുമ്പ് 2020 ൽ കളിച്ച 18 കളികളിൽ ഒന്നിൽ പോലും തോൽവി വഴങ്ങാതിരുന്ന ജ്യോക്കോവിച്ച് വർഷം മുഴുവൻ അപരാജിത കുതിപ്പ് നടത്തൽ ആണ് ഉദ്ദേശം എന്നും വ്യക്തമാക്കിയിരുന്നു.
ഈ വർഷം എ. ടി. പി കപ്പ്, ഓസ്ട്രേലിയൻ ഓപ്പൺ, ദുബായ് ഓപ്പൺ കിരീടങ്ങൾ നേടിയ ജ്യോക്കോവിച്ച് കഴിഞ്ഞ 7 ഗ്രാന്റ് സ്ലാമിൽ 5 എണ്ണത്തിലും ജേതാവ് ആയിരുന്നു. നിലവിൽ 17 ഗ്രാന്റ് സ്ലാം കിരീടങ്ങൾ ഉള്ള ജ്യോക്കോവിച്ച് 19 ഗ്രാന്റ് സ്ലാം കിരീടങ്ങൾ കയ്യിലുള്ള നദാൽ 20 ഗ്രാന്റ് സ്ലാം കിരീടങ്ങൾ കയ്യിലുള്ള ഫെഡറർ എന്നിവരെക്കാൾ പിറകിൽ ആണ്. കൂടാതെ 282 ആഴ്ച ലോക ഒന്നാം നമ്പർ പദവിയിൽ ഇരുന്ന ജ്യോക്കോവിച്ച് 286 ആഴ്ച ലോക ഒന്നാം നമ്പർ ആയി തുടർന്ന പീറ്റ് സാമ്പ്രസ്, 310 ആഴ്ച ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന റോജർ ഫെഡറർ എന്നിവരെക്കാൾ പിറകിൽ ആണ്. എന്നാൽ നദാൽ, ഫെഡറർ എന്നിവരെക്കാൾ പ്രായത്തിൽ ഇളയ സെർബിയൻ താരം ഈ റെക്കോർഡുകൾ ആണ് താൻ ലക്ഷ്യം വെക്കുന്നത് എന്നു മുമ്പും വ്യക്തമാക്കിയത് ആണ്.
താൻ കുറവുകളിൽ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞ ജ്യോക്കോവിച്ച് ജയിക്കാനുള്ള പ്രചോദനം ആണ് തന്നെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടു പോകുന്നത് എന്നു വ്യക്തമാക്കി. ജയത്തിനായി ശരീരത്തെയും മനസ്സിനെയും താൻ എന്നും സജ്ജമാക്കുന്നുണ്ട് എന്നു വ്യക്തമാക്കിയ ജ്യോക്കോവിച്ച് സ്വകാര്യ ജീവിതത്തിലും കളിക്കളത്തിലും ശരിയായ ശ്രദ്ധ കൊടുക്കേണ്ടത് ജയത്തിനു പ്രധാനമാണ് എന്നും വ്യക്തമാക്കി. ഈ നിലക്ക് തനിക്ക് മുന്നോട്ട് പോവാൻ ആയാൽ 40 വയസ്സ് വരെ തനിക്ക് കളിക്കാൻ ആവും എന്നും സെർബിയൻ താരം പറഞ്ഞു. നിലവിൽ 33 കാരൻ ആയ ജ്യോക്കോവിച്ച് ഫെഡററിന്റെ റെക്കോർഡുകൾ തകർക്കും എന്നു തന്നെയാണ് പൊതുവെ കരുതുന്നത്.