ക്രിസ് ഗെയിലിനെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് സിപിഎല്‍ കമ്മിറ്റി. തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ജമൈക്ക തല്ലാവാസിനെതിരെ ഒട്ടനവധി ആരോപണങ്ങളാണ് ഗെയില്‍ ഉന്നയിച്ചത്. തന്റെ അഭിപ്രായങ്ങള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്ന ബ്രാന്‍ഡിന് ക്ഷീണം കൊണ്ടു വന്നിട്ടുണ്ട് താരം സമ്മതിച്ചതോടെയാണ് കമ്മിറ്റി താരത്തിനെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചത്. സംഭവം അടഞ്ഞ അധ്യായം ആണെന്നും അതിനാല്‍ തന്നെ ഇനി ഇതിന്മേല്‍ അന്വേഷണവും നടപടിയും ആവശ്യമില്ലെന്ന് കമ്മിറ്റി തീരുമാനിച്ചു.
മെയ് 6ന് സിപിഎല്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റിയ്ക്ക് ഗെയില്‍ തങ്ങളുടെ ടൂര്‍ണ്ണമെന്റ് നിയമാവലി ലംഘിച്ചുവെന്ന പരാതി ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ കമ്മിറ്റി മൂന്നംഗ സംഘത്തെ നിയമിക്കുകയും അവരോടാണ് ക്രിസ് ഗെയില്‍ തന്റെ തെറ്റ് സമ്മതിച്ചതെന്നും അതിനാല്‍ തന്നെ തുടര്‍നടപടി ആവശ്യമില്ലെന്നും തീരുമാനിക്കുകയായിരുന്നു.
തന്റെ കരിയര്‍ ജമൈക്കയില്‍ തന്നെ അവസാനിപ്പിക്കണമെന്നും അതിന് സാധിക്കാതെ വന്നപ്പോളുള്ള സങ്കടത്തില്‍ നിന്നുയര്‍ന്നതാണ് ഈ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളെന്നും തന്റെ ആരാധകരോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നുള്ളതിനാലാണ് താന്‍ ഇത്തരം വീഡിയോ തയ്യാറാക്കിയതെന്നും ഗെയില്‍ പറഞ്ഞു.
താന്‍ പറഞ്ഞ കാര്യങ്ങള്‍ സ്വബോധത്തോടു കൂടിയാണെങ്കിലും അത് ശരിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിന് അത് ക്ഷീണമുണ്ടാക്കിയെന്നത് സത്യമാണെന്നും ബോര്‍ഡിനും ഇത് കോട്ടം കൊണ്ടുവന്നിട്ടുണ്ടെന്നും ഗെയില്‍ സമ്മതിച്ചു.
ഈ ടൂര്‍ണ്ണമെന്റിനെ തകര്‍ക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്നും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുക എന്നത് തന്റെ എക്കാലത്തെയും സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണെന്നും ഗെയില്‍ സൂചിപ്പിച്ചു.