കേരള ബ്ലാസ്റ്റേഴ്സിൽ താൻ ഉദ്ദേശിക്കുന്ന ടാക്ടിക്സുകൾ എന്താണെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. തനിക്ക് പൊസഷൻ ഫുട്ബോൾ കളിക്കാൻ തന്നെയാണ് ഇഷ്ടം. കൂടുതൽ സമയം പന്ത് കാലിൽ വെച്ച് കളിക്കുക. പക്ഷെ അത് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചതു പോലെയാകില്ല. വികൂന പറയുന്നു.
കഴിഞ്ഞ സീസണിൽ ഈൽകോ ഷറ്റോരിക്ക് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ ഐ എസ് എല്ലിൽ തന്നെ ഏറ്റവും നല്ല പൊസഷൻ റെക്കോർഡ് കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. എല്ലാ കളിയിലും എതിരാളികളേക്കാൾ പന്ത് കാലിൽ ഉണ്ടായിരുന്നത് ബ്ലാസ്റ്റേഴ്സിനായിരുന്നു. എന്നാൽ പന്ത് കാലിൽ വെക്കുന്നതിൽ അല്ല കാര്യം, ആ പന്ത് കൊണ്ട് എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം എന്ന് വികൂന പറയുന്നു.
തന്റെ മോഹൻ ബഗാനിലെ റെക്കോർഡ് പരിശോധിക്കാം. ലീഗിൽ ഒരു മത്സരത്തിൽ ഒഴികെ ബാക്കി എല്ലാ മത്സരത്തിലും എതിരാളികളേക്കാൾ ഷോട്ട് ഓൺ ടാർഗറ്റ് തന്റെ ടീമിനായിരുന്നു. അതാണ് താൻ ഈ സീസണിലും പ്രയോഗിക്കാൻ പോകുന്ന ടാക്ടിക്സ്. വികൂന പറയുന്നു. കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിൽ അറ്റാക്കിലും ഡിഫൻസിലും സ്ഥിരത ഉണ്ടായിരുന്നില്ല. അത് മറികടക്കൽ ആകും ആദ്യ ലക്ഷ്യം എന്നും വികൂന പറയുന്നു.