2017ലെ നോട്ട്ബുക്ക് സെലിബ്രേഷന്‍ കോഹ്‍ലിയെ ഇത്രത്തോളം അസ്വസ്ഥമാക്കുമെന്ന് കരുതിയില്ല

Sports Correspondent

2017ല്‍ ജമൈക്കയില്‍ നടന്ന നോട്ട് ബുക്ക് സെലിബ്രേഷന്‍ വിരാട് കോഹ്‍ലിയെ ഇത്ര മാത്രം അലട്ടിയിരുന്നുവെന്ന് താന്‍ പിന്നീട് മാത്രമാണ് മനസ്സിലാക്കിയത് എന്ന് പറഞ്ഞ് അന്നത്തെ ആ ആഘോഷം പ്രകടമാക്കിയ വിന്‍ഡീസ് ബൗളര്‍ കെസ്രിക് വില്യംസ്. അന്ന് താന്‍ അത് ചെയ്തത് ആ ആഘോഷ രീതി തനിക്ക് ഇഷ്ടമായതിനാലും തന്റെ ആരാധകര്‍ക്ക് വേണ്ടിയുമാണ് അത് ചെയ്തതെന്നും കെസ്രിക് വില്യംസ് പറഞ്ഞു.

താന്‍ കോഹ്‍ലിയ്ക്ക് മത്സര ശേഷം ഹസ്തദാനം നല്‍കുവാന്‍ മുതിര്‍ന്നപ്പോള്‍ ബൗളിംഗ് കൊള്ളാം എന്നാല്‍ സെലിബ്രേഷന്‍ മോശമായിരുന്നുവെന്നുമാണ്, ഇതും പറഞ്ഞ് കോഹ്‍ലി നടന്നകന്നുവെന്നും ക്രെസിക് വില്യംസ് പറഞ്ഞു. അതിന് ശേഷം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയപ്പോള്‍ വിരാട് കോഹ്‍ലി ബാറ്റ് ചെയ്യാന്‍ വന്നപ്പോള്‍ നേരെ തന്നോട് വന്ന് പറഞ്ഞത് ഇത്തവണ നോട്ട്ബുക്ക് സെലിബ്രേഷന്‍ നടക്കാന്‍ പോകുന്നില്ലെന്നാണ്.

2017ലെ സംഭവം ഇപ്പോളും താരം മനസ്സില്‍ വെച്ചിരുന്നുവെന്നത് തന്നെ ഞെട്ടിച്ചുവെന്നും കെസ്രിക് പറഞ്ഞു. താനെറിയുന്ന ഓരോ പന്തിനും വിരാട് കോഹ്‍ലി എന്തെങ്കിലും പറഞ്ഞു കൊണ്ടിരുന്നുവെന്നും താന്‍ മിണ്ടാതെ ബാറ്റ് ചെയ്യൂ, നിങ്ങളൊരു കുട്ടിയെ പോലെയാണ് പെരുമാറുന്നതെന്നുമാണ് താന്‍ മറുപടി നല്‍കിയതെന്ന് കെസ്രിക് വ്യക്തമാക്കി.

എന്നാല്‍ മത്സരത്തില്‍ അന്തിമ ജയം കോഹ്‍ലിയ്ക്കായിരുന്നു. ക്രെസിക് വിരാടിനെതിരെ എറിഞ്ഞ 12 പന്തുകളില്‍ നിന്ന് വിരാട് 32 റണ്‍സാണ് നേടിയത്. തന്റെ സ്പെല്‍ 3.4 ഓവറില്‍ 60-0 എന്ന നിലയില്‍ കെസ്രികിന് അവസാനിപ്പിക്കേണ്ടി വന്നു. വിരാട് കോഹ്‍ലിയുമായുള്ള സംസാരം തന്റെ ശ്രദ്ധ തെറ്റിച്ചുവെന്നും തന്നെ തല്ലി തകര്‍ക്കുകയായിരുന്നു ഇന്ത്യന്‍ നായകനെന്നും കെസ്രിക് പറഞ്ഞു.

പിന്നീട് പേപ്പറുകളില്ലാം തന്റെ പടം വന്നപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്നും എന്നാല്‍ താന്‍ ഇത്തരം വെല്ലുവിളികളെ ഇഷ്ടമാകുന്ന വ്യക്തിയാണെന്നും കെസ്രിക് പറഞ്ഞു. വിരാട് കോഹ്‍ലി നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായിരിക്കാം എന്നാല്‍ ലോകത്തിലെ ഏറ്റവും നിശ്ചയദാര്‍ഢ്യമുള്ള ബൗളറാണ് ഞാനെന്ന് സ്വയം മനസ്സില്‍ പറഞ്ഞാണ് താന്‍ അടുത്ത മത്സരത്തിന് ഇറങ്ങിയതെന്ന് കെസ്രിക് വ്യക്തമാക്കി.

അടുത്ത മത്സരത്തില്‍ താന്‍ രണ്ടോവറോളം കോഹ്‍ലിയെ പിടിച്ചുകെട്ടിയെന്നും എന്നാല്‍ താരം തനിക്കെതിരെ ഒരു സിക്സ് നേടിയെന്നും കെസ്രിക് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ കെസ്രിക് വിരാട് കോഹ്‍ലിയെ പുറത്താക്കുവാന്‍ കെസ്രിക് വില്യംസിന് സാധിച്ചിരുന്നു.