പാക്കിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പര നാല് മത്സരങ്ങളായി ഉയര്‍ത്തുവാന്‍ ചര്‍ച്ചകളുമായി ഇംഗ്ലണ്ട് ബോര്‍ഡ്

Sports Correspondent

ഈ വര്‍ഷം അവസാനം പാക്കിസ്ഥാനുമായി നടക്കുവാനുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പര നാലാക്കി ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്. കൊറോണ മൂലം കൗണ്ടി മത്സരങ്ങളും ടി20 ബ്ലാസ്റ്റുമെല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് പരമ്പരയും നേരത്തെ ഉപേക്ഷിച്ചിരുന്നു. ഇതോട് കൂടി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബോര്‍ഡ് നേരിടുന്നത്. പാക്കിസ്ഥാന്‍ പരമ്പര നടക്കുകയാണെങ്കില്‍ കനത്ത നഷ്ടം കുറച്ചെങ്കിലും കുറയ്ക്കാമെന്നാണ് ഇംഗ്ലണ്ടിന്റെ കണക്ക്കൂട്ടല്‍.

അതേ സമയം അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം പാക്കിസ്ഥാന്‍ ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ചെറിയ ഒരു ടൂര്‍ നടത്തുവാന്‍ ആണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് തിരികെ എത്തിയ പാക്കിസ്ഥാനില്‍ വന്ന് കളിക്കുവാന്‍ ഇപ്പോളും എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും തയ്യാറായിട്ടില്ല.