കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിന് പകരം വിശ്രമിക്കാൻ ബുംറയോട് വസിം അക്രമിന്റെ ഉപദേശം

Staff Reporter

ഒഴിവു സമയങ്ങളിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിന് പകരം വിശ്രമിക്കാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ബുംറയോട് ഉപദേശിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസിം അക്രം. ജസ്പ്രീത് ബുംറയെ പോലെയുള്ള ഒരു താരം ഭാവിയിൽ കൗണ്ടിയിൽ കളിക്കാൻ അവസരം ലഭിച്ചാലും അത് ഉപയോഗിക്കരുതെന്നും ശരീരത്തിന് വിശ്രമം നൽകണമെന്നും വസിം അക്രം പറഞ്ഞു.

താൻ കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന കാലഘട്ടമല്ല ഇപ്പോഴെന്നും ഇന്ത്യ ഒരു വർഷം മുഴുവൻ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറായ ബുംറ ശരീരത്തിന് ആവശ്യമായ വിശ്രമമെടുക്കണമെന്നും അക്രം പറഞ്ഞു. താൻ കൗണ്ടി കളിച്ചിരുന്ന സമയത്ത് ആറ് മാസം പാകിസ്ഥാന് വേണ്ടിയും ആറ് മാസം ലങ്കാഷയറിന് വേണ്ടിയുമാണ് കളിച്ചതെന്നും വസിം അക്രം പറഞ്ഞു.

ടി20 ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താൻ ബൗളർമാരെ വിലയിരുത്തുകയില്ലെന്നും യുവ ബൗളർമാർ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കണമെന്നും അക്രം പറഞ്ഞു.