രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കണമെന്ന് ശ്രീശാന്ത്

Staff Reporter

ഇന്ത്യക്ക് വീണ്ടും കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ശ്രീശാന്ത്. ഏഴ് വർഷത്തെ ബി.സി.സി.ഐ വിലക്ക് ഈ വർഷം ഓഗസ്റ്റ് മാസത്തോടെ അവസാനിക്കാനിരിക്കെയാണ് ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞത്.

2013ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതുവെപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ പല താരങ്ങളും പൊതു സ്ഥലങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയാണെന്നും വിരേന്ദർ സെവാഗും വി.വി.എസ് ലക്ഷമണും മാത്രമാണ് തന്നോട് സംസാരിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.  തനിക്കെതിരെ കോടതി നടപടികൾ നടക്കുന്നത്കൊണ്ട് അവർക്ക് തന്നോട് സംസാരിക്കുന്നതിന് ആശങ്കയുണ്ടെന്നും അത് കൊണ്ട് താൻ അങ്ങോട്ട് പോയി സംസാരിക്കാനുള്ള ശ്രമങ്ങൾ നടത്താറില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

തന്റെ 37മത്തെ വയസ്സിൽ താൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് സ്വപ്നം കാണുന്നുണ്ടെന്നും ലോക ടെസ്റ്റ് ചാംപ്യൻഷിപ് തനിക്ക് ഏറെ ഇഷ്ടമാണെന്നും അതിൽ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. നിലവിലെ തന്റെ പ്രഥമ ലക്‌ഷ്യം കേരള ടീമിൽ കളിക്കുകയാണെന്നും ഇന്ത്യൻ ടീമിൽ എത്താൻ എന്താണ് വേണ്ടത് അതെല്ലാം താൻ ചെയ്യുമെന്നും ശ്രീശാന്ത് പറഞ്ഞു.