ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായുള്ള കോളിന് ഗ്രേവ്സിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്. ഈ പദവി ഒഴിഞ്ഞ ശേഷം ശശാങ്ക് മനോഹറിന് പകരം ഐസിസിയുടെ ചെയര്മാന് സ്ഥാനമാണ് ഗ്രേവ്സ് ലക്ഷ്യമാക്കുന്നത്. ഗ്രേവ്സിന് പകരം ഇയാന്‍ വാട്മോര്‍ ആണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി എത്തുക. ഈ മാസം അവസാനം നടക്കുന്ന ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഇതിന്മേലുള്ള തീരുമാനം എടുക്കും.
നവംബര്‍ 2020 വരെയായിരുന്നു ഗ്രേവ്സിന്റെ കാലമെങ്കിലും ദി ഹണ്ട്രെഡ് അടുത്ത വര്‍ഷത്തേക്ക് നീക്കിയതോടെ തന്റെ കാലാവധി ഇനി നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കി താന്‍ ബോര്‍ഡിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗ്രേവ്സ് പറഞ്ഞു. തനിക്ക് പകരം എത്തുന്ന വാട്മോര്‍ എത്രയും വേഗത്തില്‍ ചുമതലയേറ്റെടുക്കുന്നതിന് വേണ്ടിയുള്ള അവസരം ഒരുക്കുവാന്‍ തന്റെ ഈ തീരുമാനം ഉപകരിക്കുമെന്നും ഗ്രേവ്സ് പറഞ്ഞു.
ബോര്‍ഡിന്റെ പൊതുയോഗം മേയ് 12ന് ആയിരുന്നു നടക്കാനിരുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ മേയ് അവസാനത്തേക്ക് മാറ്റുകയായിരുന്നു.