വൃദ്ധിമന്‍ സാഹയുടെ തറവാട് വീട്ടില്‍ മോഷണ ശ്രമം

Sports Correspondent

ഇന്ത്യന്‍ ടെസ്റ്റ് താരം വൃദ്ധിമന്‍ സാഹയുടെ തറവാട്ട് വീട്ടില്‍ മോഷണ ശ്രമം. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ താരത്തിന്റെ കുടുംബ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. തന്റെ അമ്മാവന്മാര്‍ താമസിക്കുന്ന വീട്ടില്‍ മോഷണ ശ്രമം നടന്നുവെന്നും അവര്‍ക്ക് അത് തടയുവാന്‍ കഴിഞ്ഞുവെന്നും സാഹ അറിയിച്ചു. ഉടന്‍ മോഷണ ശ്രമം പോലീസിനെ അവര്‍ അറിയിച്ചതോടെ മോഷ്ടാക്കല്‍ കാറില്‍ രക്ഷപ്പെട്ടു.

ആറോളം പേരാണ് മോഷണ ശ്രമത്തില്‍ പങ്കെടുത്തതെന്ന് കരുതപ്പെടുന്നു. ഇത്തരം മോഷണ ശ്രമങ്ങളെക്കുറിച്ച് തന്റെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടെന്നും പോലീസ് ഉടന്‍ നടപടി സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് സാഹ വെളിപ്പെടുത്തി. ലോക്ക്ഡൗണ്‍ കാരണം സാഹയുടെ മാതാപിതാക്കള്‍ മൂത്ത മകന്റെയൊപ്പം മുംബൈയില്‍ ആണ്. മുംബൈയിലുള്ള മകനെ സന്ദര്‍ശിക്കാനെത്തിയ അവര്‍ ലോക്ക്ഡൗണ്‍ കാരണം അവിടെ കുടുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 2 മണിയോടെയാണ് സംഭവമെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ടെന്നും മോഷണം നടന്ന പരിസരത്തുള്ള സാഹയുടെ കുട്ടിക്കാലത്തെ കോച്ച് ജയന്ത ഭൗമിക് വെളിപ്പെടുത്തി.