ഓസ്ട്രേലിയയില്‍ നിലവില്‍ യാത്ര വിലക്ക് ഉണ്ടെങ്കിലും വിചാരിച്ച പോലെ ടി20 ലോകകപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഐസിസി, ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി, ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ എന്നിവരുമായി ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന് റോബര്‍ട്സ് പറഞ്ഞത്.
തങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ബോധമുണ്ടെന്നും അതിനാല്‍ തന്നെ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 2020ല്‍ നടത്താനാകുമെന്നും കെവിന് റോബര്‍ട്സ് അഭിപ്രായപ്പെട്ടു. സംയുക്തമായി ഈ ടൂര്‍ണ്ണമെന്റ് നടത്തേണ്ട സാധ്യതകളെല്ലാം സംഘാടകര്‍ പരിശോധിച്ച് വരികയാണെന്നും അനുയോജ്യമായ സമയത്ത് അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഐസിസിയുടെ സിഇസി മീറ്റിംഗിന് ശേഷം ലോകകപ്പുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമായത്. എന്നാല്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ തന്നെ ഇത് സാധ്യമാണോ എന്നത് വ്യക്തമല്ല.