2020 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗെയിലുമായി കരാറിലെത്തി സെയിന്റ് ലൂസിയ സൗക്ക്സ്. ടി20യിലെ റെക്കോര്‍ഡ് അടിച്ച് കൂട്ടുന്ന താരം ഇതുവരെ ജമൈക്ക തല്ലാവാസിന് വേണ്ടിയാണ് കളിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ടീം താരത്തെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് പുതിയ കളത്തിലേക്ക് ചുവട് മാറ്റിയത്.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇത് നാലാമത്തെ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയാവും ഗെയില്‍ കളിക്കുക. ആദ്യം തല്ലാവാസിന് വേണ്ടി കളിച്ച് തുടങ്ങിയ ഗെയില്‍ നാല് സീസണുകള്‍ക്ക് ശേഷം സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിലേക്ക് പോയിരുന്നു. കഴിഞ്ഞ സീസണില്‍ തല്ലാവാസ് താരത്തെ വീണ്ടും സ്വന്തമാക്കി. സീസണിന്റെ തുടക്കം 116 റണ്‍സ് നേടി തിളങ്ങിയ ഗെയിലിന് പിന്നീട് ഫോം നിലനിര്‍ത്താനായിരുന്നില്ല. അവസാനം പത്ത് മത്സരങ്ങളില്‍ നിന്ന് താരത്തിന് വെറും 243 റണ്‍സാണ് നേടാനായത്. തല്ലാവാസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരുമായി.
സൗക്ക്സിന്റെ ഉടമസ്ഥരും ഐപിഎലില്‍ ഗെയില്‍ കളിക്കുന്ന കിംഗ്സ് ഇലവന് പഞ്ചാബിന്റെയും ഉടമസ്ഥര്‍ ഒന്നാണെന്ന രസകരമായ വസ്തുതയും കൂടി ഈ നീക്കത്തിലൂടെ കാണാനാകും. ടീമിന്റെ കോച്ചായി ആന്‍ഡി ഫ്ലവറിനെ എത്തിച്ച സൗക്ക്സ് ക്യാപ്റ്റന്‍ ഡാരെന്‍ സാമിയെ നിലനിര്‍ത്തിയിട്ടുണ്ട്.
ഗെയിലിനെ പോലെ ഒരു താരം ഏതൊരു ക്യാപ്റ്റന്റെയും ഭാഗ്യമാണെന്നാണ് സാമി പറഞ്ഞത്. ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ അധ്യായം അവകാശപ്പെടുവാനുള്ള താരത്തിനൊപ്പം കളിക്കാനാകുമെന്നത് ടീമിലെ യുവ ഓപ്പണര്‍മാര്‍ക്ക് പലതും പഠിക്കുവാനുള്ള അവസരമായി മാറുമെന്നും സാമി സൂചിപ്പിച്ചു.