കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപ് താരങ്ങൾക്ക് തയ്യാറെടുപ്പിന് വേണ്ടി ചുരുങ്ങിയത് 6 ആഴ്ചത്തെ സമയം വേണമെന്ന് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ഗ്രെയിം സ്മിത്ത്. വീട്ടിൽ ഇരിക്കുന്ന താരങ്ങൾ താനങ്ങളുടെ ഫിറ്റ്നസ് നിലനിർത്തണമെന്നും എന്നാൽ പരമ്പരക്ക് മുൻപ് താരങ്ങൾ ഒരു ഗ്രൂപ്പായി പരിശീലനം നടത്തണമെന്നും സ്മിത്ത് പറഞ്ഞു.
ജൂൺ തുടക്കത്തിൽ ശ്രീലങ്കക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത പരമ്പര. നിലവിലെ സാഹചര്യത്തിൽ പരമ്പര നടക്കാനുള്ള സാഹചര്യം വളരെ കുറവാണ്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഉള്ളത്. കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ഏപ്രിൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്നുണ്ട്.