ചാമ്പ്യൻസ് ലീഗ് പ്രീക്വർട്ടറിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ഇന്നാണ്. അങ്ങ് മാഡ്രിഡിൽ ബെർണബവു സ്റ്റേഡിയത്തിൽ സിദാന്റെ റയൽ മാഡ്രിഡിനെ തേടി പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി എത്തുന്നു. യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാരായ രണ്ട് ക്ലബുകളുടെ പോരാട്ടം എന്നതിനൊപ്പം രണ്ട് വലിയ പരിശീലകരുടെ പോരാട്ടം കൂടിയാണിത്. മൂന്ന് തവണ റയലിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച സിദാന് യൂറോപ്പിൽ കരുത്ത് കൂടുതലാണ്.
ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് മത്സരത്തിൽ പോലും റയലിനൊപ്പം സിദാൻ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഫൈനലിലായാലും രണ്ട് പാദങ്ങൾ ഉള്ള നോക്കൗട്ട് ഫിക്സ്ചർ ആയാലും വിജയിച്ച് മുന്നേറാൻ ഇതുവരെ സിദാന് ആയിട്ടുണ്ട്. ആ മികവ് തുടരാനാകും സിദാൻ ശ്രമിക്കുക. സിദാന് ഗോളടിക്കാൻ ആളില്ലാത്തത് ആകും ഇന്നത്തെ പ്രധാന തലവേദന. മികച്ച ഫോമിൽ കളിച്ചിരുന്ന ബെൻസീമ അവസാന മത്സരങ്ങളിൽ ഗോളടിയുടെ കാര്യത്തിൽ പിറകോട്ട് പോയിരിക്കുകയാണ്.
ഹസാർഡ് പരിക്കേറ്റ് വീണ്ടും പുറത്തായതും റയലിനെ വലക്കും. ഡിഫൻസിലെ കരുത്തിലാണ് റയലിന്റെ പ്രതീക്ഷ. മാഞ്ചസ്റ്റർ സിറ്റി ഇതുവരെ നാലു തവണ റയലുമായി ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും ഒരു കളിപോലും വിജയിക്കാനും ആയിട്ടില്ല. സ്റ്റെർലിംഗും സിൽവയും പരിക്ക് മാറി എത്തിയ ഗ്വാർഡിയോളയുടെ ടീമിന് ശക്തി നൽകും. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.