യുവേഫ ചാമ്പ്യൻസ് ലീഗ് നോകൗട്ട് മത്സരത്തിലെ ആദ്യ പാദത്തിൽ ചെൽസി ഇന്ന് ജർമ്മൻ കരുത്തരായ ബയേണിനെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്.
2013 ലെ യുവേഫ സൂപ്പർ കപ്പ് ഫൈനലിലാണ് ഇരു ടീമുകളും അവസാനം ഏറ്റു മുട്ടിയത്. അന്ന് ഷൂട്ട് ഔട്ടിൽ ബയേണിനായിരുന്നു ജയം. 2012 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേണിനെ പരാജയെപ്പടുത്തിയത് തന്നെയാകും ചെൽസിയുടെ ഊർജം. പക്ഷെ അന്നത്തെ കരുത്തരിൽ നിന്ന് ചെൽസി ഏറെ മാറി. ട്രാൻസ്ഫർ ബാൻ കാരണം യുവാക്കളെ പൂർണമായി ആശ്രയിക്കുന്ന ടീം ആയപ്പോൾ ബയേൺ ലെവൻഡോസ്കി അടക്കമുള്ള ലോകോത്തര കളിക്കാരുടെ കേന്ദ്രമായി.
ലീഗിൽ മികച്ച കളി പുറത്തെടുത്ത ജിറൂദ് തന്നെയാകും ഇന്ന് ചെൽസിയുടെ ആക്രമണം നയിക്കുക. ആദ്യ ഇലവനിൽ അപ്രതീക്ഷിത മാറ്റങ്ങൾ ലംപാർഡ് നടത്താൻ സാധ്യത കുറവാണ്. ബയേണിന്റെ ആക്രമണം നയിക്കുന്ന ലെവൻഡോസ്കിക്ക് പുറമെ നാബ്റി അടക്കമുള്ളവരെ തടയുക എന്നതും ചെൽസിക്ക് വെല്ലുവിളിയാകും.