വനിത ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസില്‍ താരതമ്യേന പുതിയ താരങ്ങളായിരുന്നു. കാതറിന് ബ്രണ്ട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ നിന്ന് രണ്ട് റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക അടുത്ത രണ്ട് പന്തില്‍ ഒരു സിക്സും ഫോറും നേടി 127 റണ്‍സിലേക്ക് എത്തി വിജയം കൈക്കലാക്കുകയായിരുന്നു.
11 പന്തില്‍ 18 റണ്‍സ് നേടിയ മിഗ്നണ്‍ ഡു പ്രീസ് ആണ് വിജയം ഉറപ്പാക്കിയത്. ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്ക് ഓപ്പണിംഗില്‍ നേടിയ 46 റണ്‍സും മാരിസാനെ കാപ്പ് നേടിയ 38 റണ്‍സുമാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിന്റെ അടിത്തറ. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്കായി നേടിയത്. ഇംഗ്ലണ്ടിനായി സോഫി എക്സല്‍സ്റ്റോണ്‍ 2 വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി നത്താലി സ്കിവര്‍ 50 റണ്‍സ് നേടിയപ്പോള്‍ ആമി എല്ലന്‍ ജോണ്‍സ് 23 റണ്‍സ് നേടുകയുണ്ടായി. ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖാക മൂന്നും ഡെയിന്‍ വാന്‍ നീക്കെര്‍ക്ക് മരിസാനെ കാപ്പ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ഡെയിന്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.