തിരിച്ച് വരവിൽ തന്റെ രണ്ടാം ഡബ്യു.ബി.സി ലോക ഹെവി വെയ്റ്റ് ബോക്സിങ് കിരീടം ചൂടി ബ്രിട്ടന്റെ ടൈസൺ ഫൂരി. ശാരീരിക, മാനസിക പ്രശ്നങ്ങളും, കള്ളുകുടി, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയ പ്രശ്നങ്ങളും, കുഞ്ഞിനെ നഷ്ടമായതും അടക്കം സകല പ്രശ്നങ്ങളും അതിജീവിച്ച് ആണ് 2 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവിൽ ലോക ഹെവി വെയ്റ്റ് കിരീടം ടൈസൺ ഫൂരി സ്വന്തമാക്കിയത്. 2015 നു ശേഷം ഡിപ്രഷൻ അടക്കം സകല പ്രശ്നങ്ങളും നേരിട്ട ഫൂരി തിരിച്ചു വരവ് പക്ഷെ ഗംഭീരമാക്കി. 5 വർഷമായി ലോക ചാമ്പ്യൻ ആയി തുടരുന്ന അമേരിക്കൻ ബോക്സർ ഡോൻന്റെ വൈൽഡറിന്റെ ആധിപത്യത്തിനു ആണ് ഫൂരി ഇന്ന് അന്ത്യം കുറിച്ചത്.
കരിയറിലെ ഇത് വരെ പരാജയം അറിയാത്ത വൈൽഡറിന്റെ ആദ്യ പരാജയം ആയിരുന്നു ഇത്. മത്സരത്തിൽ വ്യക്തമായ ആധിപത്യം നേടിയ ഫൂരി 7 റൗണ്ട് പോരാട്ടത്തിൽ ആണ് അമേരിക്കൻ താരത്തെ തോൽപ്പിച്ചത്. മൂന്നാം റൗണ്ടിലും അഞ്ചാം റൗണ്ടിലും വൈൽഡറെ നോക്ക് ഔട്ട് ചെയ്ത ഫൂരിക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ അമേരിക്കൻ താരത്തിന് ആയില്ല. എല്ലാ നിലക്കും എതിരാളിക്ക് മേൽ ആധിപത്യം നേടിയ 31 കാരനായ ഫൂരി ഇതോടെ ബോക്സിങ് ചരിത്രത്തിലെ ഏതാണ്ട് എല്ലാ ഹെവി വെയ്റ്റ് ലോക കിരീടവും നേടിയ ഏക ബോക്സർ ആയി ഇതോടെ. ലാസ് വേഗാസിൽ നടന്ന മത്സരത്തിലെ ജയത്തോടെ വ്യക്തിപരമായി വലിയ ബുദ്ധിമുട്ട് നേരിട്ട വർഷങ്ങളിൽ നിന്നുള്ള തിരിച്ചു വരവ് ആണ് ഫൂരി ലോകത്തെ അറിയിച്ചത്.