52 പന്തില്‍ നിന്ന് പുറത്താകാതെ 74 റണ്‍സ് നേടിയ കൃഷ്ണ പ്രസാദിന്റെ മികവില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിന് വിജയം. ഇന്ന് കോഴിക്കോട് ഡിസിഎയ്ക്ക് എതിരെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത മാസ്റ്റേഴ്സ് അവരെ 26 ഓവറില്‍ 129/7 എന്ന സ്കോറിന് തളച്ചിടുകയായിരുന്നു. കോഴിക്കോടിന് വേണ്ടി ദ്വജ് റായ്ചുര 22 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ആഷിക്ക് അലി(20), മുഹമ്മദ് സിയ്യാദ്(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍. കെസി അക്ഷയ് 17 റണ്‍സ് നേടി. മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനായി നിരഞ്ജന് ദേവ് മൂന്ന് വിക്കറ്റ് നേടി.
ലക്ഷ്യം പിന്തുടര്ന്നെത്തിയ മാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി നഷ്ടമായപ്പോള്‍ ഒരു ഘട്ടത്തില്‍ 34/3 എന്ന നിലയിലേക്ക് ടീം വീണു. നാലാം വിക്കറ്റില്‍ കൃഷ്ണ പ്രസാദും ഷോണ്‍ റോജറും(20) ചേര്‍ന്ന് 63 റണ്‍സ് കൂട്ടുകെട്ട് നേടി മത്സരത്തിലേക്ക് ടീമിനെ തിരിച്ചുകൊണ്ടുവന്നുവെങ്കിലും വീണ്ടു മാസ്റ്റേഴ്സ് ബാറ്റ്സ്മാന്മാര് വിക്കറ്റ് വലിച്ചെറിയുന്നതാണ് കണ്ടത്.
97/3 എന്ന നിലയില്‍ നിന്ന് 118/7 എന്ന നിലയിലേക്ക് വീണ മാസ്റ്റേഴ്സിന് അവസാന ഓവറില്‍ ജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. ആദ്യ പന്തില്‍ തന്നെ നിരഞ്ജന് ദേവിനെ നഷ്ടമായ ശേഷം അടുത്ത മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം അവസാന രണ്ട് പന്തില്‍ 7 റണ്‍സായി മാറി. അടുത്ത പന്തില്‍ രാഹുലിനെ സിക്സര്‍ പറത്തി സ്കോറുകള്‍ ഒപ്പമെത്തിച്ച കൃഷ്ണ പ്രസാദ് അടുത്ത പന്തിലും സിക്സര്‍ നേടി ടീമിനെ 2 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
കോഴിക്കോട് ഡിസിഎയ്ക്ക് വേണ്ടി രാഹുല്‍, കെസി അക്ഷയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.