കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കരുവൻ തിരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഏക പക്ഷീയമായമായ ആറു ഗോളുകൾക്ക് (6-0) യുണൈറ്റഡ് സോക്കർ മലപ്പുറത്തെയും, പീസ് വാലി നെടിയിരുപ്പ് ഏക പക്ഷീയമായ ഒരു ഗോളിന് (1-0) ന്യൂ സോക്കർ ഫറോക്കിനെയും, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് എഫ്.സി കൽപ്പകഞ്ചേരി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (5 – 1) ജെ.ഡി.ടി ഇസ്ലാം ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോടിനെയും പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ആദ്യ മത്സരത്തിലുടനീളം മേധാവിത്വം പുലർത്തിയ കരുവൻ തിരുത്തി ബാങ്കിന് വേണ്ടി ആദ്യ പകുതിയിൽ സ്ട്രൈക്കർ മുഷ്ഫിഖ് ഹാട്രിക് നേടിയപ്പോൾ രണ്ടാം പകുതിയിൽ മിഡ് ഫീൽഡർമാരായ ഷിജാസ് പറമ്പനും, എം.ടി മുബശ്ശിറും, ആസിഫും ഓരോ ഗോളുകൾ വീതം നേടി ഗോൾ പട്ടിക പൂർത്തിയാക്കി. അനസ് ചുള്ളിയൻ നേടിയ ഏക ഗോളിനാണ് ന്യൂ സോക്കർ ഫറൂഖിനെ പീസ് വാലി നെടിയിരുപ്പ് പരാജയപ്പെടുത്തിയത്. എഫ്.സി കൽപ്പകഞ്ചേരി- ജെ.ഡി.ടി മത്സരത്തിൽ കൽപ്പകഞ്ചേരിയ്ക്ക് വേണ്ടി ആസിഫ് ഹാട്രിക്കും, ജൈസൽ, ജാസിർ എന്നിവർ ഓരോ ഗോളുകളും നേടിയപ്പോൾ അരുൺ കൃഷ്ണ ജെ.ഡി.ടി യുടെ ആശ്വാസ ഗോൾ നേടി.
നാളെ ഉച്ചയ്ക്ക് ശേഷം രണ്ടര മണിയ്ക്ക് ആദ്യ ക്വാർട്ടർ ഫൈനലിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായ കൊണ്ടോട്ടി ഇ.എം.ഇ.കോളേജ് കെ.പി.എൻട്രി ലഭിച്ച ലൂക്കാസോക്കർ ക്ലബ്ബ് മലപ്പുറത്തെയും നാല് മണിയ്ക്ക് രണ്ടാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ നെഹ്റു യൂത്ത് ക്ലബ്ബ് ന്യൂ സോക്കർ മലപ്പുറത്തെയും നേരിടും.