ഇന്ത്യൻ ഫുട്ബോൾ താൻ വന്നതിനു ശേഷം ഒരുപാട് മെച്ചപ്പെട്ടു എന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗൊർ സ്റ്റിമാച്. നാളെ ഒമാനെ നേരിടുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്റ്റിമാച്. കഴിഞ്ഞ ലോകകപ്പ് യോഗ്യത റൗണ്ട് പോലെ അല്ല ഇത്തവണ. കഴിഞ്ഞ തവണ ഇന്ത്യ എട്ടു മത്സരങ്ങളിൽ ഏഴും പരാജയപ്പെട്ടിരുന്നു. ഇത്തവണ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ ഒരു പരാജയമെ ഉള്ളൂ. സ്റ്റിമാച് പറഞ്ഞു.
ഇത് ഇന്ത്യ മെച്ചപ്പെടുകയാണ് എന്നതാണ് കാണിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് സമയം എടുക്കും എന്നും സ്റ്റിമാച് പറഞ്ഞു. അടുത്ത ഏഷ്യൻ കപ്പിന്റെ നോക്കൗട്ട് റൗണ്ടുകൾ വരെ എത്തുക എന്നത് ആണ് ഇപ്പോൾ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ഇന്ത്യ പിറകിൽ പോയാൽ തിരിച്ചുവരുന്ന പതിവ് ഇല്ലായിരുന്നു. ഇപ്പോൾ തങ്ങൾ അതു മാറ്റി എന്നും സ്റ്റിമാച് പറഞ്ഞു.