ആൻഫീൽഡിൽ ഗോൾപൂരം! ലീഗ് കപ്പിൽ ആഴ്‌സണലിനെ പെനാൽട്ടിയിൽ മറികടന്നു ലിവർപൂൾ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് കപ്പിൽ ആൻഫീൽഡിൽ നടന്ന ലിവർപൂൾ ആഴ്‌സണൽ മത്സരം അക്ഷരാർത്ഥത്തിൽ ഗോൾ മഴ തന്നെയാണ് പിറന്നത്. ഇരു ടീമുകളും 5 വീതം ഗോളുകൾ നേടിയ മത്സരത്തിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ലിവർപൂൾ ജയം കണ്ടത്. താരതമ്യേന യുവതാരങ്ങളുമായി ആണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. കുറെ മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം മെസ്യൂട്ട് ഓസിൽ ആഴ്‌സണൽ ടീമിൽ തിരിച്ചെത്തിയതും ശ്രദ്ധേയമായി. ആറാം മിനിറ്റിൽ തന്നെ മുസ്താഫി ആഴ്‌സണൽ പോസ്റ്റിലേക്ക് തന്നെ ഗോൾ അടിച്ചപ്പോൾ ലിവർപൂൾ മത്സരത്തിൽ മുന്നിലെത്തി. എന്നാൽ 19 മിനിറ്റിൽ ലൂക്കാസ് ടൊറേറയിലൂടെ ഒപ്പമെത്തിയ ആഴ്‌സണൽ 18 വയസ്സുകാരൻ യുവ ബ്രസീൽ താരം ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ 26, 36 മിനിറ്റുകളിൽ 3-1 നു മുന്നിലെത്തി. സീസണിൽ തന്റെ 7 മത്തെ ഗോൾ ആണ് മാർട്ടിനെല്ലി നേടിയത്. എന്നാൽ ആദ്യ പകുതിയുടെ 43 മിനിറ്റിൽ മാർട്ടിനെല്ലി വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട ജെയിംസ് മിൽനർ ലിവർപൂളിനായി ഒരു ഗോൾ മടക്കി.

രണ്ടാം പകുതിയിൽ മിൽനറിന്റെ അബദ്ധം മുതലെടുത്ത് ഓസിൽ നൽകിയ പാസിൽ നൈൽസ് ആഴ്‌സണലിനെ 54 മിനിറ്റിൽ 4-2 നു മുന്നിലെത്തിച്ചു. എന്നാൽ 58 മിനിറ്റിൽ മുൻ ആഴ്‌സണൽ താരം അലക്‌സ് ചേമ്പർലിന്റെ മനോഹരമായ ഗോളിൽ ഒരു ഗോൾ കൂടി മടക്കിയ ലിവർപൂൾ ഒറിജിയുടെ മറ്റൊരു മനോഹര ഗോളിലൂടെ 62 മിനിറ്റിൽ മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ 70 മിനിറ്റിൽ യുവതാരം ജോ വില്ലോക്ക് ആഴ്‌സണലിന് ജയം ഉറപ്പിച്ചു എന്നു കരുതിയ ലീഡ് നൽകി. എന്നാൽ 95 മിനിറ്റിൽ ഒറിഗിയിലൂടെ മത്സരം സമനിലയിൽ പിടിച്ച ലിവർപൂൾ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ട് എന്ന അനിവാര്യതയിലേക്ക് നീട്ടി. പെനാൽട്ടി ഷൂട്ട് ഔട്ടിൽ നാലാം ഷോട്ട് എടുത്ത പകരക്കാരനായി ഇറങ്ങിയ ഡാനി സെബയോസിന്റെ കിക്ക് തടുത്ത യുവ ലിവർപൂൾ കീപ്പർ അവർക്ക് ജയം സമ്മാനിച്ചു.