ദക്ഷിണാഫ്രിക്ക ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനമവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിൽ. 85.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് ഇന്ത്യയുടെ സമ്പാദ്യം. 105 പന്തുകളെ നേരിട്ട ക്യാപ്റ്റൻ കൊഹ്ലി 63 റൺസോടെയും 70 പന്തുകളെ നേരിട്ട രഹാനെ 18 റൺസോടെയുമാണ് ക്രീസിൽ നിൽക്കുന്നത്.
ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് റബാഡയാണ്. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശർമ്മ റബാഡയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഡി കോക്കിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. 14 റൺസ് എടുത്താണ് രോഹിത് ശർമ്മ പുറത്തായത്. ഇന്ത്യക്കെതിരെ ആദ്യം ഫാസ്റ്റ് ബൗളർമാരെ മുൻ നിർത്തിയുള്ള ദക്ഷിണാഫ്രിക്കൻ അക്രമണം വിജയിക്കുന്ന കാഴ്ചയായിരുന്നു തുടക്കത്തിൽ കണ്ടത്. രണ്ടാം സെഷനിൽ 58 റൺസ് എടുത്ത പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒരു സിക്സും ഒൻപത് ബൗണ്ടറികളും അടങ്ങിയതായിരുന്നു പൂജാരയുടെ പ്രകടനം.
ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ രണ്ടാം ടെസ്റ്റിലും തന്റെ മികച്ച പ്രകടനം ആവർത്തിച്ചു. സെഞ്ചുറി നേടിയ അഗർവാൾ 108 റൺസ് എടുത്ത് റബാഡക്ക് വിക്കറ്റ് നൽകി കളം വിട്ടു. 16 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു അഗർവാളിന്റെ ബാറ്റിംഗ് പ്രകടനം. 400-500 റൺസാണ് ഇന്ത്യൻ ബാറ്റിങ് നിര ലക്ഷ്യം വെക്കുന്നത്. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ തീരുമാനം ശരിയാണെന്ന് ഇന്നതെ ബാറ്റിംഗ് പ്രകടനം അടിവരയിടുന്നുണ്ട്.