കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഡ്രസിങ് റൂമിൽ ഇന്ത്യൻ താരം ദിനേശ് കാർത്തിക് കയറിയതുമായി ബന്ധപ്പെട്ട വിഷയം അവസാനിപ്പിച്ച് ബി.സി.സി.ഐ. ബി.സി.സി.ഐയുമായുള്ള കരാർ ലംഘനത്തിന്റെ പേരിൽ താരത്തിനോട് ബി.സി.സി.ഐ വിശദീകരണം ചോദിച്ചിരുന്നു. താരം വിശദീകരണത്തിൽ നിരുപാധികം മാപ്പ് പറഞ്ഞതോടെ അത് അംഗീകരിക്കാനും താരത്തിനെതിരെയുള്ള നടപടികൾ അവസാനിപ്പിക്കാനും ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.
സെൻട്രൽ കോൺട്രാക്ടിൽ ഉള്ള താരമായത്കൊണ്ട് മറ്റു രാജ്യങ്ങളിലെ ലീഗുകളിൽ പങ്കെടുക്കുന്നതിന് താരത്തിന് വിലക്ക് നിലവിലുണ്ട്. ഇത് മറികടന്ന് കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഡ്രസിങ് റൂമിൽ കയറിയതോടെയാണ് കാർത്തിക് വിവാദത്തിൽ പെട്ടത്. ട്രിൻബാഗോ പരിശീലകൻ ബ്രെണ്ടൻ മക്കല്ലത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കാർത്തിക് ഡ്രസിങ് റൂമിൽ കയറിയത്. ഡ്രസിങ് റൂമിൽ ടീമിന്റെ ജേഴ്സി ഇട്ട് നിൽക്കുന്ന ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ വിശദീകരണം ചോദിച്ച് രംഗത്തെത്തിയത്.