ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ക്യാമ്പ് ആരംഭിച്ചു

Newsroom

2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒരുക്കം ഇന്ത്യ ആരംഭിച്ചു. ആദ്യ മത്സരത്തിനായുള്ള ഇന്ത്യൻ ക്യാമ്പ് ഇന്നലെ ഗോവയിൽ ആരംഭിച്ചു. 34 അംഗ ടീമും സ്റ്റിമാചും ഇന്നലെ മുതൽ പരിശീലനം ആരംഭിച്ചു. സാധ്യതാ ടീമിൽ നാലു മലയാളികൾ ഉൾപ്പെട്ടിരിക്കുന്നുണ്ട്. പരിക്ക് കാരണം ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കളിക്കാതിരുന്ന ആഷിക് കുരുണിയൻ, അനസ് എടത്തൊടിക എന്നിവരും, ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ഒപ്പം ഉണ്ടായിരുന്ന സഹൽ, ജോബി ജസ്റ്റിൻ എന്നിവരുമാണ് ടീമിൽ ഉൾപ്പെട്ട മലയാളികൾ. എല്ലാവരും ക്യാമ്പിൽ ടീമിനൊപ്പം ചേർന്നു.

സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ ഒമാനെയാണ് ഇന്ത്യ നേരിടുക. ഖത്തറിനെതിരായ രണ്ടാം മത്സരത്തിനായുള്ള ടീമും ഈ സാധ്യതാ ടീമിൽ നിന്ന് തന്നെയാണ് തിരഞ്ഞെടുക്കുക. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കളിച്ചതിനേക്കാൾ മികച്ച പ്രകടനം നടത്തിയാലെ ഇന്ത്യക്ക് ലോകകപ്പ് യോഗ്യത റൗണ്ടിൽ പ്രതീക്ഷയുള്ളൂ.