രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 267 നു 4 വിക്കറ്റ് എന്ന നിലയിൽ ശക്തമായ നിലയിൽ, ഓസ്ട്രേലിയേക്കാൾ വെറും 17 റൺസ് പിറകിൽ. അവസാന സെക്ഷനിൽ നന്നായി പന്തെറിഞ്ഞു തുടങ്ങിയ ഓസ്ട്രേലിയക്കായി 18 റൺസ് എടുത്ത ഡെൻലിയെ വിക്കറ്റിന് മുമ്പിൽ കുടുക്കി പാറ്റിൻസൻ. തൊട്ടടുത്ത് തന്നെ കമ്മിൻസിന്റെ പന്തിൽ സ്ലിപ്പിൽ മനോഹര ക്യാച്ച് നേടിയ ബാൻഗ്രോഫ്റ്റ് 5 റൺസ് മാത്രം എടുത്ത ബട്ട്ലറെ മടക്കി. ഇതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. എന്നാൽ തുടർന്ന് ക്ഷമയോടെ ബാറ്റ് വീശിയ ബേർൺസിനൊപ്പം അപരാജിത കൂട്ട്കെട്ട് ഉയർത്തിയ ബെൻ സ്റ്റോക്സ് ഇംഗ്ലീഷ് ബാറ്റിംഗ് മുന്നോട്ടു കൊണ്ടു പോയി. തന്റെ ആഷസ് അരങ്ങേറ്റത്തിൽ ആദ്യ ശതകം നേടിയ ബേർൺസ് ദിനം അവിസ്മരണീയമാക്കി.
99 ൽ നിന്നു ശതകം കുറിക്കാൻ 10 പന്തുകൾ നേരിട്ട ബേർൺസ് 224 പന്തിൽ നിന്നാണ് ശതകം കുറിച്ചത്. ദിവസം മുഴുവൻ ക്ഷമയോടെ പൊരുതിയ ബേർൺസ് ഓസ്ട്രേലിയൻ ബോളർമാരെ നിരാശരാക്കി. ആദ്യം ലയോണിനെതിരെ പതറിയെങ്കിലും ഓസ്ട്രേലിയൻ ബോളർമാർക്ക് മേൽ ആധിപത്യം പുലർത്തിയ നല്ലൊരു ഇന്നിങ്സ് തന്നെയാണ് ബേർൺസ് പുറത്ത് എടുത്തത്. 82 ഓവറിൽ പുതിയ പന്ത് എടുത്ത ഓസ്ട്രേലിയ ഇടക്ക് റിവ്യൂ പാഴാക്കുകയും ചെയ്തു. അവസാന സെക്ഷനിൽ 50 ലേറെ റൺസ് കൂട്ടുകെട്ട് ഉയർത്തിയ ബേർൺസും സ്റ്റോക്സും മൂന്നാം ദിനവും നല്ല ബാറ്റിങ് തുടരാൻ ആവും ശ്രമിക്കുക. ഇപ്പോൾ ബേർൺസ് 125 റൺസുമായും സ്റ്റോക്സ് 37 റൺസുമായും ഇപ്പോൾ ക്രീസിൽ തുടരുന്നു. ക്ഷമയോടെ പന്തെറിഞ്ഞ ഓസ്ട്രേലിയക്കായി പാറ്റിസൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സിഡിലും കമ്മിൻസും ഓരോ വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം സുരക്ഷിതമാണ് ഇംഗ്ലീഷ് നില.