മാധ്യമങ്ങളെ എനിക്ക് ഇഷ്ടമല്ല – നിക്ക് കൂരിയോസ്‌

Wasim Akram

മാധ്യമങ്ങളെ തനിക്ക് ഇഷ്ടമല്ലെന്നും അവർ എല്ലാം പെരുപ്പിച്ചു കാട്ടുകയാണെന്നും തുറന്നടിച്ചു ഓസ്‌ട്രേലിയൻ ടെന്നീസ് താരം നിക്ക് കൂരിയോസ്‌. എല്ലാ മാധ്യമങ്ങളും തന്നെ മോസമാക്കാൻ മത്സരിക്കുന്നെന്നു വിമർശിച്ച കൂരിയോസ്‌ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ആണ് കൂട്ടത്തിൽ ഏറ്റവും മോശമെന്നും തുറന്നടിച്ചു. എന്നും തന്റെ വിവാദ പെരുമാറ്റങ്ങൾ കൊണ്ടും ചൂടൻ സ്വഭാവം കൊണ്ടും കുപ്രസിദ്ധനായ കൂരിയോസ്‌ കളത്തിനകത്തും പുറത്തും എന്നും ഒരു വികൃതി കുട്ടിയായിട്ടാണ് കണക്കാക്കപ്പെട്ടത്. പ്രത്യേകിച്ച് മാധ്യമങ്ങൾ കൂരിയോസിന്റെ വികൃതി കുട്ടി മുഖം പലപ്പോഴും ആഘോഷ വിധേയമാക്കി.

5 തവണ എ.ടി.പി കിരീടങ്ങൾ ഉയർത്തിയ കൂരിയോസ്‌ തന്റെ പ്രതിഭക്ക് ഒത്ത പ്രകടം ഇതുവരെ നടത്തിയിട്ടില്ല എന്നത് വാസ്തവം ആണ്. പഴയ തലമുറയുടെ കാലത്തിനു ശേഷം ടെന്നീസ് ലോകം ഭരിക്കാൻ പലരും സാധ്യത കാണുന്ന താരം കൂടിയാണ് ഈ 24 കാരൻ. എന്നാൽ ഇതിന് തടസ്സം കൂരിയോസിന്റെ സ്വഭാവം ആണെന്ന വിലയിരുത്തൽ ടെന്നീസ് ലോകത്ത് സജീവമാണ്. ഈ അടുത്ത് ഫോർഹാന്റ് നന്നാക്കിയാൽ അലക്‌സാണ്ടർ സെവർവിനും സ്വഭാവം നന്നാക്കിയാൽ കൂരിയോസിനും ഫെഡറർ, നദാൽ, ദ്യോക്കോവിച്ച് യുഗത്തിന് ശേഷം ടെന്നീസ് ലോകം ഭരിക്കാൻ ആവുമെന്ന് ടോണി നദാൽ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു.