ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റായ എഡ്ജ്ബാസ്റ്റണില് ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആയെങ്കിലും ഓസ്ട്രേലിയയെ വമ്പന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത് അവസാന രണ്ട് വിക്കറ്റിലെ പ്രകടനമായിരുന്നു. ഒമ്പതാം വിക്കറ്റില്‍ പീറ്റര്‍ സിഡിലുമായി 88 റണ്‍സും അവസാന വിക്കറ്റില്‍ നഥാന്‍ ലയണുമായി 74 റണ്‍സും സ്റ്റീവന്‍ സ്മിത്ത് നേടിയപ്പോള്‍ ഈ രണ്ട് വിക്കറ്റിലുമായി ഓസ്ട്രേലിയ നേടിയത് 162 റണ്‍സാണ്. ആദ്യ എട്ട് വിക്കറ്റുകള്‍ ടീമിന് നഷ്ടമാകുമ്പോള്‍ വെറും 122 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.
ഇതില്‍ തന്നെ നാലാം വിക്കറ്റില്‍ സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് നേടിയ 64 റണ്‍സായിരുന്നു. 35/3 എന്ന നിലയിലേക്ക് മുന്‍ നിര താരങ്ങളെ നഷ്ടമായി പതറിയ ഓസ്ട്രേലിയയെ സ്മിത്തും ഹെഡും ചേര്‍ന്ന് തിരികെ ട്രാക്കിലാക്കുമെന്ന് കരുതിയെങ്കിലും ലഞ്ചിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഹെഡ് മടങ്ങി. പിന്നീട് ഓസ്ട്രേലിയ തകര്‍ന്നടിയുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണില് കണ്ടത്. 99/3 എന്ന നിലയില്‍ നിന്ന് 23 റണ്‍സ് കൂടി നേടുന്നതിനിടയല്‍ 5 വിക്കറ്റുകളാണ് ഓസ്ട്രേലിയയുടെ നിലം പതിച്ചത്.
വലിയ തകര്‍ച്ചയിലേക്ക് ടീം വീഴുമെന്ന് കരുതിയ നിമിഷത്തിലാണ് കേപ്ടൗണിലെ വിവാദ ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സ്റ്റീവന്‍ സ്മിത്ത് ഇംഗ്ലീഷ് കാണികളുടെ അവഹേളനത്തെ വകവയ്ക്കാതെ പൊരുതി നിന്ന് ഓസ്ട്രേലിയയുടെ മാനം കാത്തത്. 219 പന്തില്‍ നിന്ന് 144 റണ്‍സുമായി ഓസ്ട്രേലിയയ്ക്ക് വേണ്ടി തന്റെ 24 ടെസ്റ്റ് ശതകം സ്മിത്ത് പൂര്‍ത്തിയാക്കുമ്പോള്‍ അത് താരത്തിന്റെ അര്‍ഹിക്കുന്ന മടങ്ങി വരവ് തന്നെയായിരുന്നു.
അവസാന രണ്ട് വിക്കറ്റിലെ ചെറുത്ത് നില്പിന് ശേഷം ഓസ്ട്രേലിയയെ 284 റണ്‍സെന്ന ഭേദപ്പെട്ട സ്കോറിലേക്ക് സ്മിത്തും സിഡിലും നഥാന്‍ ലയണും എത്തിച്ചപ്പോള്‍ ആഷസില്‍ പിടിമുറുക്കുവാനുള്ള വലിയ അവസരമാണ് ഇംഗ്ലണ്ട് കൈവിട്ടത്.