ജിമ്മി ആന്റേഴ്‌സനെ പരിക്ക് മൂലം നഷ്ടമായെങ്കിലും രണ്ടാം സെക്ഷനിൽ ഓസ്‌ട്രേലിയൻ മധ്യനിരയെ തകർത്തു ബ്രോഡും വോക്ക്‌സും. അർദ്ധസെഞ്ചുറി നേടി പൊരുതി നിൽക്കുന്ന സ്മിത്തിൽ ആണ് ഇപ്പോൾ ഓസ്‌ട്രേലിയൻ പ്രതീക്ഷ മുഴുവനും. 83-3 എന്ന നിലയിൽ ഉച്ചഭക്ഷണത്തിനു ശേഷം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് എതിരെ തന്റെ മാരകബോളിംഗ് ആണ് ബ്രോഡ് പുറത്തെടുത്തത്. സ്‌കോർ 99 ൽ എത്തിയപ്പോൾ 35 റൺസ് നേടിയ ട്രാവിസ് ഹെഡിനെ വിക്കറ്റിന് മുമ്പിൽ കുടുക്കിയപ്പോൾ 64 റൺസ് കൂട്ടുകെട്ടിനാണ് അന്ത്യമുണ്ടായത്. തൊട്ടടുത്ത് തന്നെ ബ്രോഡിന്റെ സ്മിത്ത് ഔട്ട് ആണെന്ന് അമ്പയർ ആലിം ദർ വിധിച്ചെങ്കിലും റിവ്യൂ നൽകിയ സ്മിത്ത് ആയുസ്സ് നീട്ടിയെടുത്തു. എന്നാൽ അതിനുപുറകെ തന്നെ റിവ്യു ഉപയോഗിച്ച് വെറും 1 റൺസ് എടുത്ത മാത്യു വൈഡിനെ പുറത്തതാക്കിയ വോക്‌സ് ഓസ്‌ട്രേലിയയെ ഞെട്ടിച്ചു. വോക്‌സിന്റെ അതിമനോഹരമായ ഒരു പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി വൈഡ്.
ഓസ്‌ട്രേലിയൻ മധ്യനിരയിൽ സ്മിത്തിനെല്ലാതെ മറ്റാർക്കും ബ്രോഡിനെയും വോക്‌സിനെയും പ്രതിരോധിക്കാൻ ആയില്ല. ഇതിനിടയിൽ ബ്രോഡിന് പോലും വിശ്വസിക്കാൻ ആവാത്ത ഒരു അനാവശ്യ ഷോട്ടിനു മുതിർന്ന 5 റൺസ് എടുത്ത ടിം പെയിൻ മടങ്ങിയത് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി ആയി. ഷോർട്ട് ബോളുകളുമായി പെയിനെ ബുദ്ധിമുട്ടിച്ച ബ്രോഡിന്റെ കണക്ക് കൂട്ടലിന്റെ വിജയമായി ഈ വിക്കറ്റ്. അതേ ഓവറിൽ തന്നെ ജെയിംസ് പാറ്റിസനെ സപൂജ്യനായി മടക്കിയ ബ്രോഡ് തന്റെ നാലാം വിക്കറ്റ് നേടി. ബ്രോഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പാറ്റിസൻ. എന്നാൽ ഇത് അമ്പയറുടെ തെറ്റായ തീരുമാനം ആയിരുന്നെന്ന് ഡി.ആർ.എസിൽ വ്യക്തയമായി. റിവ്യൂ ബാക്കിയുണ്ടായിരുന്ന ഓസ്‌ട്രേലിയ അത് ഉപയോഗിക്കാത്തത് അവർക്ക് തിരിച്ചടിയായി. ഉച്ച ഭക്ഷണ ശേഷം 8 ഓവർ എറിഞ്ഞ ബ്രോഡ് 2 മെയ്ഡൻ അടക്കം 22 റൺസ് വിട്ട് കൊടുത്ത് 2 വിക്കറ്റ് ആണ് വീഴ്ത്തിയത്.
തുടർന്ന് ബ്രോഡിന് പകരം ബെൻ സ്റ്റോക്സിനെയും വോക്‌സിന് പകരം മോയിൻ അലിയെയും റൂട്ട് ബോളിംഗിന് അയച്ചു. 5 റൺസ് എടുത്ത പാറ്റ് കമ്മിൻസിനെ വിക്കറ്റിന് മുന്നിൽ കുറുക്കിയ സ്റ്റോക്സ് ഓസ്‌ട്രേലിയയുടെ 8 മത്തെ വിക്കറ്റും വീഴ്ത്തി. വർഷങ്ങൾക്ക് ശേഷം ആഷസ് കളിക്കാൻ ഇറങ്ങിയ പീറ്റർ സിഡിൽ ആണ് തുടർന്ന് ബാറ്റിംഗിന് വന്നത്. വീണ്ടും ബോളിംഗിൽ തിരിച്ചെത്തിയ വോക്‌സ് സിഡിലിനെ ഔട്ട് ആക്കിയെന്നു അമ്പയർ വിധിച്ചെങ്കിലും ഇത്തവണ റിവ്യൂ ഉപയോഗിച്ച ഓസ്ട്രേലിയ ആ തെറ്റായ തീരുമാനം മറികടന്നു. തുടക്കം മുതൽ നിരവധി അബദ്ധങ്ങൾ പിണഞ്ഞ അമ്പയർമാർക്ക് ഒട്ടും നല്ല ദിനമായിരുന്നില്ല ഇന്ന് ഇത് വരെ. ഇതിനിടയിൽ 119 പന്തിൽ തന്റെ 25 മത്തെ അർദ്ധസെഞ്ചുറിയിൽ എത്തിയ സ്മിത്ത് ഓസ്‌ട്രേലിയൻ സ്‌കോർ 150 കടത്തി. ചായക്ക് പിരിയുമ്പോൾ 154 നു 8 വിക്കറ്റ് എന്ന നിലയിൽ ആണ് ഓസ്‌ട്രേലിയ. 66 റൺസുമായി പുറത്തതാകാതെ നിൽക്കുന്ന സ്മിത്തിൽ ആണ് ഓസ്‌ട്രേലിയൻ പ്രതീക്ഷ മുഴുവൻ, 7 റൺസ് നേടിയ സിഡിലിന് എത്ര നേരം ഇംഗ്ലീഷ്കാരെ പ്രതിരോധിക്കാൻ ആവും എന്ന് കണ്ട് തന്നെ അറിയണം. 26 ഓവർ എറിഞ്ഞ സെക്ഷനിൽ 71 നു 5 വിക്കറ്റുകൾ ആണ് വീണത്. ബ്രോഡ് 38 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ 35 നൽകിയ വോക്‌സ് 3 വിക്കറ്റ് വീഴ്ത്തി. 44 റൺസ് വഴങ്ങിയാണ് സ്റ്റോക്സ് തന്റെ ഏകവിക്കറ്റ് വീഴ്ത്തിയത്.