ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ പുറത്താകലിനെ തുടർന്ന് വിരാട് കോഹ്‌ലിയുടെ നായക സ്ഥാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്‌കർ രംഗത്ത്. വിരാട് കോഹ്‌ലിയെ ലോകകപ്പ് വരെയാണ് ക്യാപ്റ്റൻ നിയമിച്ചതെന്നും തുടർന്നും കോഹ്‌ലി ആ സ്ഥാനത്ത് ഒരു മീറ്റിംഗ് പോലും നടത്താതെ അവരോധിക്കപെടുകയായിരുന്നെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. വെസ്റ്റിൻഡീസിൽ നടക്കുന്ന മൂന്ന് ഫോർമാറ്റിലുള്ള മത്സരങ്ങൾക്കും വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ ആയി നിയമിച്ചിരുന്നു.
വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന്റെയെ സെലെക്ഷൻ കമ്മിറ്റിയുടേയോ ആഗ്രഹം നോക്കിയാണെന്നും സുനിൽ ഗാവസ്‌കർ ആരോപിച്ചു. തന്റെ അറിവ് പ്രകാരം ലോകകപ്പ് വരെയായിരുന്നു വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ ആയി നിയമിച്ചത്. തുടർന്നും വിരാട് കോഹ്‌ലിയെ ക്യാപ്റ്റനായി നിയമിക്കുന്നതിന് ഒരു അഞ്ചു മിനിറ്റ് സമയത്തെ മീറ്റിംഗ് എങ്കിലും നടത്തണമായിരുന്നെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.
ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അംഗങ്ങളെയും ഗാവസ്‌കർ നിശിതമായി വിമർശിച്ചു. സെലക്ഷൻ കമ്മിറ്റിയെ ദുർബലരെന്ന് വിളിച്ച ഗാവസ്‌കർ മോശം പ്രകടനത്തിന്റെ പേരിൽ കേദാർ ജാദവ്, ദിനേശ് കാർത്തിക് തുടങ്ങിയ കളിക്കാരെ പുറത്താക്കിയെങ്കിലും ഫൈനൽ പോലും എത്താതെ ഇന്ത്യ പുറത്തായിട്ടും ക്യാപ്റ്റൻ തുടരുകയാണെന്നും ഗാവസ്‌കർ ആരോപിച്ചു.