“ആത്ലറ്റിക്കോ മാഡ്രിഡ് ഒരു സൗഹൃദ മത്സരമായി കണ്ടില്ല, അതാണ് ഈ പരാജയത്തിന് കാരണം” – റാമോസ്

Newsroom

ഇന്ന് അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും തമ്മിൽ നടന്ന പ്രീസീസൺ മത്സരത്തിൽ വൻ പരാജയം റയൽ മാഡ്രിഡ് ഏറ്റുവാങ്ങിയിരുന്നു. 7-3 എന്ന സ്കോറിനായിരുന്നു റയലിന്റെ തോൽവി. എന്നാൽ റയൽ മാഡ്രിഡി‌ന്റെ പരാജയത്തിന് അത്ലറ്റിക്കോ മാഡ്രിഡിനെ കുറ്റം പറഞ്ഞ് എത്തിയിരിക്കുകയാണ് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ്.

ഈ പരാജയത്തിന് കാരണം അത്ലറ്റിക്കോ മാഡ്രിഡ് ആണെന്ന് റാമോസ് പറയുന്നു. ഒരു സൗഹൃദ മത്സരമായാണ് റയൽ മാഡ്രിഡ് ഈ കളിയെ സമീപിച്ചത്. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് അങ്ങനെയല്ല സമീപിച്ചത്. അത്ലറ്റിക്കോ കളിയെ ഗൗരവമായാണ് കണ്ടത്. അതാണ് പ്രശ്നമായത്. റാമോസ് പറഞ്ഞു. മാഡ്രിഡിലെ ചിരവൈരികളാണ് ഇരു ക്ലബുകളും. മത്സരത്തിനിടെ കളി കയ്യാങ്കളിയിൽ എത്തുകയും രണ്ട് ചുവപ്പ് കാർഡ് പിറക്കുകയും ചെയ്തിരുന്നു. പരാജയത്തിൽ ദുഖം ഉണ്ടെങ്കിലും ഇത് കാര്യമാക്കുന്നില്ല എന്ന് റാമോസ് പറഞ്ഞു. ഇപ്പോഴും റയൽ താരങ്ങൾ പൂർണ്ണ ഫിറ്റ്നെസിൽ എത്തുന്നേ ഉള്ളൂ എന്നും റാമോസ് പറഞ്ഞു.