നാടകീയതകൾ മാറി മറിഞ്ഞ മത്സരത്തിന് ഒടുവിൽ പ്രീ സീസൺ മത്സരത്തിൽ ഇന്റർ മിലാനെ യുവന്റസ് ഷൂട്ട് ഔട്ടിലൂടെ മറികടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. ഇതിൽ ബുഫണിന്റെ മികച്ച സേവുകൾ തുണയായപ്പോൾ സാരിയുടെ ടീം 4-3 നാണ് ജയിച്ചു കയറിയത്.
മുൻ ചെൽസി പരിശീലകരായ സാരിയും കോണ്ടേയും നേർക്ക് നേർ വന്ന മത്സരത്തിൽ റെക്കോർഡ് പണം മുടക്കി ടീമിലെത്തിച്ച ഡി ലിറ്റ് വഴങ്ങിയ സെൽഫ് ഗോളിന് യുവന്റസ് ആദ്യ പകുതിയിൽ പിന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കിടിലൻ ഫ്രീകിക്കിലൂടെ റൊണാൾഡോ ഒരിക്കൽ കൂടി യുവന്റസിന്റെ രക്ഷകനായി. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്.
ഷൂട്ട് ഔട്ടിൽ ഇന്ററിന്റെ റെനോച്യ, സാമുവേൽ ലോങ്ങോ എന്നിവരുടെ കിക്കുകൾ ബുഫൺ തടുത്തു. പക്ഷെ യുവന്റസ് താരങ്ങളായ റാബിയോ, ബെർണാദസ്കി എന്നിവരും കിക്കുകൾ പാഴാക്കിയതോടെ ഷൂട്ട് ഔട്ടും ആവേശകരമായി. പക്ഷെ ബോർജ വലേറോയുടെ കിക്ക് തടുത്ത് ബുഫൺ യുവേയുടെ ഹീറോയായി. യുവേയുടെ വിജയ കിക്ക് ഡെമിറൽ ആണ് എടുത്തത്.