മുഖ്യ കോച്ചിന്റെ സ്ഥാനം നല്‍കിയാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനം രാജി വയ്ക്കാമെന്ന് ഖലീദ് മഹമ്മൂദ്

Sports Correspondent

ബംഗ്ലാദേശിന്റെ കോച്ച് എന്ന സ്ഥാനം നല്‍കുകയാണെങ്കില്‍ ഇപ്പോളത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനം രാജി വയ്ക്കാമെന്ന് പറഞ്ഞ് ഖലീദ് മഹമ്മൂദ്. എന്നാല്‍ തനിക്ക് 2023 ഏകദിന ലോകകപ്പ് വരെയോ അല്ലെങ്കില്‍ കുറഞ്ഞത് 2020 ലോകകപ്പ് വരെയെങ്കിലും കോച്ചായി തുടരുവാന്‍ അവസരം തരണമെന്നാണ് ഖലീദ് പറയുന്നത്. മഹമ്മദൂിനെ ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറായി ഇടക്കാലത്തേക്ക് 2017ല്‍ നിയമിച്ചിരുന്നു. അന്ന് ചന്ദിക ഹതുരുസിംഗ ബംഗ്ലാദേശ് കോച്ചിന്റെ സ്ഥാനം ഉപേക്ഷിച്ച് ശ്രീലങ്കന്‍ ടീമിന്റെ കോച്ചായി ചേരുവാന്‍ ചെന്നപ്പോളാണ് ഖലീദിനെ ഡയറക്ടറും കോച്ചുമായി നിയമിച്ചത്.

ബംഗ്ലാദേശിന്റെ കോച്ചായ സ്റ്റീവ് റോഡ്സ് ലോകകപ്പിന് ശേഷം വിരമിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥാനം രാജി വെച്ച് കോച്ച് ആകുവാന്‍ തയ്യാറാണെന്ന് ഖലീദ് മഹമ്മൂദ് വ്യക്തമാക്കിയത്. താന്‍ കോച്ചായി തുടരുമ്പോള്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ആയി തുടരുന്നത് ശരിയല്ലെന്നതിനാലാണ് താന്‍ രാജി വയ്ക്കുവാന്‍ സന്നദ്ധനെന്ന് പറയുന്നതെന്നും ഖലീദ് സൂചിപ്പിച്ചു.