സ്വന്തം നാട്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിച്ചിട്ടും ആഫ്രിക്കൻ നാഷൺസ് കപ്പിൽ നിന്ന് ഈജിപ്ത് പുറത്ത്. അതും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു കൊണ്ട്. സലാ എന്ന സൂപ്പർ താരത്തിന്റെ സാന്നിദ്ധ്യവും ഒപ്പം നാട്ടിൽ കളിക്കുന്ന ആനുകൂല്യവും കാരണം ടൂർണമെന്റിലെ ഫേവറിറ്റുകളായിരുന്നു ഈജിപ്ത്. ആ ഈജിപ്ത് ഇന്ന് ദക്ഷിണാഫ്രിക്കയുടെ ഒരൊറ്റ ഗോളിൽ വീണു.
ഇന്ന് പ്രീക്വാർട്ടറിൽ അക്ഷരാർത്ഥത്തിൽ ഈജിപ്തിനെ വരിഞ്ഞു കെട്ടാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയി. വെറും മൂന്ന് ഷോട്ടുകൾ മാത്രമാണ് ഇന്ന് ഈജിപ്തിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയത്. സലായും ട്രെസെഗെയും എൽ നേനിയുമൊക്കെ ഇന്നും ഈജിപ്ത് നിരയിൽ ഉണ്ടായിരുന്നു. പക്ഷെ ആർക്കും മികച്ചു നിൽക്കാനായില്ല.
കളിയുടെ 85ആം മിനുട്ടിൽ ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ഗോൾ വന്നത്. ഒർലാണ്ടീ പൈറേറ്റ്സിന്റെ സ്ട്രൈക്കറായ തെമ്പിങ്കോസി ലോർച്ച് ആണ് അവസാന ഘട്ടത്തിൽ ഈ വിജയ ഗോൾ സമ്മാനിച്ചത്. നൈജീരിയയെ ആകും ക്വാർട്ടറിൽ ദക്ഷിണാഫ്രിക്ക നേരിടുക.