ഓസ്ട്രേലിയയുടെ മാനം കാത്ത് കാറെ-ഖവാജ കൂട്ടുകെട്ട്, അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടവുമായി ട്രെന്റ് ബോള്‍ട്ട്

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

92/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ആറാം വിക്കറ്റില്‍ 107 റണ്‍സ് നേടി രക്ഷിച്ച് ഉസ്മാന്‍ ഖവാജ-അലെക്സ് കാറെ കൂട്ടുകെട്ട്. ഉസ്മാന്‍ ഖവാജ നങ്കൂരമിടുകയും അലെക്സ് കാറെ വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ വന്‍ തകര്‍ച്ചയില്‍ നിന്നാണ് ഓസ്ട്രേലിയ കരകയറിയത്. 243 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് നേടിയത്. അവസാന ഓവറില്‍ ട്രെന്റ് ബോള്‍ട്ട് ഹാട്രിക്ക് സ്വന്തമാക്കി 250 റണ്‍സ് കടക്കുകയെന്ന ഓസ്ട്രേലിയയുടെ മോഹങ്ങളെ തകര്‍ക്കുകയായിരുന്നു.

71 റണ്‍സ് നേടിയ അലെക്സ് കാറെയെ കെയിന്‍ വില്യംസണ്‍ ആണ് പുറത്താക്കിയത്. മികച്ച ബൗളിംഗിനു പിന്തുണയുമായി ഫീല്‍ഡര്‍മാരും അരങ്ങ് നിറഞ്ഞപ്പോള്‍ ഓസ്ട്രേലിയയുടെ അതിശക്തമായ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ഫിഞ്ചിനെ(8) ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ വാര്‍ണറെയും(16) സ്റ്റീവന്‍ സ്മിത്തിനെയും(5) ലോക്കി ഫെര്‍ഗൂസണ്‍ പുറത്താക്കി. ഗപ്ടില്‍ മികച്ചൊരു ക്യാച്ചിലൂടെയാണ് സ്മിത്തിനെ പുറത്താക്കിയത്.

മാര്‍ക്കസ് സ്റ്റോയിനിസും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 35 റണ്‍സ് നേടിയെങ്കിലും സ്റ്റോയിനിസിനെ നീഷം പുറത്താക്കി. സ്വന്തം ബൗളിംഗില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ തകര്‍പ്പനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ നീഷം പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ പ്രതിരോധത്തിലായി. പിന്നീട് ഖവാജയും കാറെയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി ടീമിനെ കരകയറ്റിയത്.

88 റണ്‍സ് നേടിയ ഖവാജ അവസാന ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. 129 പന്തില്‍ നിന്നാണ് ഖവാജ തന്റെ 88 റണ്‍സ് നേടിയതെങ്കിലും ഓസ്ട്രേലിയയ്ക്ക് ഏറെ ഉപകാരപ്പെട്ട ഇന്നിംഗ്സായിരുന്നു ഇത്. അടുത്ത പന്തുകളില്‍  മിച്ചല്‍ സ്റ്റാര്‍ക്കിനെയും  ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനെയും പുറത്താക്കി ബോള്‍ട്ട് ഹാട്രിക്കും സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് 23 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന ഓവറില്‍ വെറും രണ്ട് റണ്‍സ് വിട്ട് നല്‍കിയാണ് ബോള്‍ട്ട് തന്റെ മൂന്ന് വിക്കറ്റ് നേടിയത്. മത്സരത്തില്‍ 4 വിക്കറ്റാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. ലോക്കി ഫെര്‍ഗൂസണും ജെയിംസ് നീഷവും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ കെയിന്‍ വില്യംസണ്‍ ഒരു വിക്കറ്റ് നേടി.