ജോസ് ബട്‍ലറാണ് പുതിയ ധോണി – ജസ്റ്റിന്‍ ലാംഗര്‍

Sayooj

ലോക ക്രിക്കറ്റിലെ പുതിയ എംഎസ് ധോണിയാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ജോസ് ബട്‍ലറെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് വീശുന്ന താരം ജോസ് ബട‍്‍ലറാണെന്ന് തന്റെ ടീം ഇംഗ്ലണ്ടിനെ നാളെ നേരിടുവാന്‍ ഇരിക്കെ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

ലോക ക്രിക്കറ്റില്‍ തന്റെ വ്യക്തി പ്രഭാവം സ്ഥാപിച്ചെടുക്കുവാനുള്ള പ്രകടനമാണ് ബട്‍ലര്‍ അടുത്തിടെയായി പുറത്തെടുത്തിട്ടുള്ളത്. ധോണിയെ പോലെ മത്സരങ്ങള്‍ ഫിനിഷ് ചെയ്യുവാന്‍ ഇംഗ്ലണ്ടിനുള്ള കരുത്താര്‍ന്ന താരമാണ് ബട്‍ലര്‍ എന്ന് ലാംഗര്‍ പറഞ്ഞു. എന്നിരുന്നാലും താരം നാളത്തെ മത്സരത്തില്‍ തന്റെ ടീമിനെതിരെ പൂജ്യത്തിന് പുറത്താകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ലാംഗര്‍ പറഞ്ഞു.

താരം അവിശ്വസനീയമായ അത്‍ലറ്റ് ആണെന്നും മത്സരങ്ങള്‍ ഫിനിഷ് ചെയ്യുവാന്‍ തനതായ ശൈലിയുള്ള താരമാണെന്നും ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.