വിന്‍ഡീസ് അപകടകാരികള്‍, ഭാഗ്യം തുണച്ചത് കൊണ്ട് വിജയ പക്ഷത്തെത്തുവാന്‍ സാധിച്ചു

Sayooj

വിന്‍ഡീസ് അപകടകാരികളായ ടീമാണെന്നും ഇന്ന് അത് കണ്ടുവെന്നും പറഞ്ഞ് ത്രില്ലര്‍ വിജയത്തില്‍ ന്യൂസിലാണ്ടിന്റെ മാന്‍ ഓഫ് ദി മാച്ച് താരവും നായകനുമായ കെയിന്‍ വില്യംസണ്‍. അവരുടെ ബാറ്റിംഗിന്റെ കരുത്ത് എത്രത്തോളം വരുമെന്നതിന്റെ ഉദാഹരണമാണ് ഇന്ന് കണ്ടത്. ഭാഗ്യത്താണ് തങ്ങള്‍ വിജയ പക്ഷത്തെത്തിയതെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.

ടീമിനു മികച്ച തുടക്കമല്ല ലഭിച്ചത്. അതിനു ശേഷം കൂട്ടുകെട്ടുകളുടെ സഹായത്തോടെ മികച്ച സ്കോറെന്ന് താന്‍ കരുതുന്ന ഒരു സ്കോറിലേക്ക് എത്തുകയായിരുന്നു. പക്ഷേ അത് അത്ര മതിയാവുന്ന സ്കോറാണെന്ന് പിന്നീട് രണ്ടാം ഇന്നിംഗ്സില്‍ തോന്നിയില്ലെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു. ബ്രാത്‍വൈറ്റിനെ പുറത്താക്കുവാന്‍ ബോള്‍ട്ട് എടുത്ത ക്യാച്ച് മികച്ചതായിരുന്നുവെങ്കിലും ഇന്ന് ടീമെന്ന നിലയില്‍ ന്യൂസിലാണ്ടിന്റെ ഫീല്‍‍ഡിംഗ് നിലവാരം മോശമായിരുന്നുവെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു.

ഇത്തരം മത്സരങ്ങള്‍ കാണികള്‍ക്ക് മികച്ച അനുഭവമാണ് നല്‍കുന്നത്. ഫലം തങ്ങള്‍ക്കനുകൂലമായതിനാല്‍ ഇങ്ങനെ പറയാനാകുമെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു. ഇരു പക്ഷത്തേക്കും മാറി മറിഞ്ഞ മത്സരത്തില്‍ കൂറ്റനടികളും വിക്കറ്റുകളുമെല്ലാം കാണുവാന്‍ സാധിച്ചു. വിന്‍ഡീസിന്റെ പവര്‍ ഹിറ്റിംഗ് കരുത്തിനൊപ്പം നില്‍ക്കുവാന്‍ കഴിയുന്ന ഒരു ടീമും ഈ ലോകത്ത് ഇല്ലെന്ന് വേണം പറയാനെന്നും വില്യംസണ്‍ തന്റെ അഭിപ്രായമായി രേഖപ്പെടുത്തി.