ആദ്യ പന്ത് മുതല്‍ ബാലന്‍സ് നഷ്ടപ്പെടാതിരിക്കുകയാണ് തന്റെ ഇപ്പോളത്തെ ബാറ്റിംഗ് തന്ത്രമെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ നായകനും ഇന്നലത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചുമായ ആരോണ്‍ ഫിഞ്ച്. മികച്ച ചില ഡ്രൈവുകള്‍ നടത്തുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, തനിക്ക് ബാലന്‍സ് കൃത്യമായി ലഭിയ്ക്കുകയാണെങ്കില്‍ മികച്ച ഡ്രൈവുകള്‍ പിറക്കുമെന്ന് തനിക്കറിയാം, തന്റെ ബാറ്റിംഗിലെ പ്രധാന ഘടകം അതാണെന്നും ഫിഞ്ച് പറഞ്ഞു.
മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ കൂട്ടത്തോടെ വിക്കറ്റ് നഷ്ടമായത് ടീമിനു തിരിച്ചടിയായെങ്കിലും സ്മിത്തും മാക്സ്വെല്ലും കളിച്ച ഇന്നിംഗ്സുകള്‍ ടീമിനു വേണ്ടത്ര റണ്‍സ് നേടുന്നതില്‍ സഹായിച്ചു. സ്മിത്ത് ഗ്യാപ് കണ്ടെത്തുവാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുവാനും മിടുക്കനാണ്. ഗ്യാപ്പില്‍ പന്തടിക്കുക എന്നാല്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള കഴിവാണ്. അത് പോലെ തന്നെ മാക്സ്വെല് കത്തിക്കയറുമ്പോളും അത് കാണുവാന്‍ ഏറെ രസകരമാണ്.
350നു മേലുള്ള സ്കോര്‍ തങ്ങള്‍ നേടുമെന്നാണ് കരുതിയതെങ്കിലും ടീമിനെ അതിനു സാധിപ്പിക്കാതിരുന്നതിന്റെ എല്ലാ ക്രെഡിറ്റും ശ്രീലങ്കയ്ക്ക് അര്‍ഹമാണെന്നും ഫിഞ്ച് പറഞ്ഞു.