ഓസ്ട്രേലിക്കെതിരായ മത്സരത്തിൽ വിരലിന് പൊട്ടലേറ്റ ശിഖർ ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്ന് ബി.സി.സി.ഐ. ബി.സി.സി.ഐ മെഡിക്കൽ വിഭാഗത്തിന്റെ നീരിക്ഷണത്തിൽ താരം ഇംഗ്ലണ്ടിൽ തന്നെ തുടരുമെന്നാണ് ബി.സി.സി.ഐ അറിയിച്ചത്. താരത്തിന്റെ പരിക്ക് ബേധമാവുന്നതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ മാത്രമാവും താരത്തിന് പകരക്കാരനായി ഇന്ത്യ പുതിയ താരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുക. മത്സരത്തിനിടെ വിരലിന് പരിക്കേറ്റെങ്കിലും അത് വകവെക്കാതെ കളിച്ച ധവാൻ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.
നേരത്തെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ശിഖർ ധവാൻ മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് രണ്ട് ആഴ്ച മാത്രമേ പുറത്തിരിക്കേണ്ടി വരൂ എന്നത് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകും. അടുത്ത ദിവസം ന്യൂസിലാൻഡിനെതിരെ നടക്കുന്ന മത്സരത്തിൽ ശിഖർ ധവാന്റെ അഭാവത്തിൽ കെ.എൽ രാഹുൽ ആവും രോഹിത് ശർമ്മയോടൊപ്പം ഓപ്പൺ ചെയ്യുക. ഒഴിവു വരുന്ന നാലാം സ്ഥാനത്ത് ദിനേശ് കാർത്തിക്കോ വിജയ് ശങ്കറോ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.