അട്ടിമറികൾ ഒരുപാട് കണ്ടിട്ടുള്ള ടൂർണമെന്റാണ് വേൾഡ് കപ്പ്. കുഞ്ഞൻ ടീമുകൾ വലിയ സ്രാവുകളുടെ അന്നം മുടക്കുന്ന കാഴ്ച തോറ്റ ടീമിന്റെ ആരാധകരെയൊഴികെ എല്ലാവരെയും ത്രസിപ്പിക്കുന്നതാണ്. 2007 ലോകകപ്പിൽ ഇന്ത്യയെ ബംഗ്ലാദേശ് മുട്ടുകുത്തിച്ചപ്പോൾ ഇന്ത്യൻ ആരാധകരൊഴികെ എല്ലാവരും കയ്യടിച്ചു. 2011 ലോകകപ്പിൽ അയർലണ്ടുകാരൻ കെവിൻ ഒബ്രയൻ 50 പന്തിൽ സെഞ്ച്വറി തികച്ചു ഇംഗ്ലണ്ടിന്റെ നെഞ്ചിൽ വെന്നിക്കൊടി പാറിച്ചപ്പോൾ വിജയിച്ചത് അയർലണ്ട് മാത്രമല്ല ക്രിക്കറ്റിൽ എന്തും സംഭവിക്കാം എന്ന പഴകി തെളിഞ്ഞ തത്വം കൂടെയാണ്.
അത്തരം അട്ടിമറികൾ ശീലമാക്കിയ രാജ്യമാണ് ബംഗ്ലാദേശ്. ലോകകപ്പിലും അല്ലാതെയും വമ്പന്മാരെ പലരെയും പല തവണ മുട്ടുകുത്തിച്ചിട്ടുള്ള ചരിത്രമുണ്ട് അവർക്ക്. പല തവണ അത്തരം അട്ടിമറികളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ ഉള്ള വമ്പൻമാർ തലനാരിഴക്ക് രക്ഷപെട്ടിട്ടുമുണ്ട്. 2016 ട്വന്റി 20 ലോകകപ്പിൽ എളുപ്പത്തിൽ ജയിക്കാവുന്ന കളി പരിചയക്കുറവിന്റെയും അമിതാത്മവിശ്വാസത്തിന്ടെയും ഫലമായി കൈ വിട്ടപ്പോൾ നിദാഹാസ് ട്രോഫിക്ക് വേണ്ടിയുള്ള കളിയുടെ കലാശപ്പോരാട്ടത്തിൽ ദിനേശ് കാർത്തിക്കിന്റെ അമാനുഷിക പ്രകടനത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെടേണ്ടി വന്നു ബംഗ്ലാ കടുവകൾക്ക്. ഇത്തരം കടുത്ത മത്സരങ്ങൾ മിക്കപ്പോഴും എതിരാളികൾക്ക് സമ്മാനിക്കുന്ന ബംഗ്ലാദേശിന്റെ വിജയങ്ങൾ ഇനി തൊട്ട് അട്ടിമറി എന്ന പേരിൽ വിശേഷിപ്പിക്കേണ്ടവയല്ല. കാരണം ഇടക്കെപ്പോഴെങ്കിലും സംഭവിക്കുന്ന ഒന്നാണ് അട്ടിമറി.
ഇവർ അതു നിരന്തരമായി സംഭവിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ അട്ടിമറി എന്നു വിശേഷിപ്പിച്ചു ചെറുതാക്കാനാകില്ല. കാരണം ബംഗ്ലാദേശ് ഇന്ത്യയെയോ ഓസ്‌ട്രേലിയയെയോ തോൽപ്പിച്ചു എന്നത് ഭാവിയിൽ ഒരു വാർത്തയേ ആകില്ല.അതു ഇന്ത്യയോ ഓസ്‌ട്രേലിയയോ ബംഗ്ലാദേശിനോളം ചെറുതായതുകൊണ്ടല്ല, മറിച്ചു ബംഗ്ലാദേശ് ഇന്ത്യയുടെ തലത്തിലേക്ക് ഉയർന്നു എന്നേ ആൾക്കാർ മനസിലാക്കുകയുള്ളൂ.
അവരുടെ വീരോചിത പ്രകടനങ്ങളിൽ ഏറ്റവും പുതിയതായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ കണ്ടത്. ഡിവില്ലിയേഴ്സ് അടക്കമുള്ള പ്രമുഖരുടെ വിരമിക്കലിനെ തുടർന്ന് പഴയ പ്രതാപം നഷ്ടപെട്ടവരാണ് ആഫ്രിക്കക്കാർ എങ്കിലും ഇന്നലെ ബംഗ്ലാദേശ് നേടിയ വിജയം അധികമാരും പ്രതീക്ഷിച്ചതല്ല. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ ഇന്ത്യയുടെ അയൽരാജ്യക്കാർ പ്രോടീസിനെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കുകയായിരുന്നു. ഇമ്രാൻ താഹിർ നയിച്ച ബൗളിംഗ് നിരക്കെതിരെ 330 എന്ന വലിയ ടോട്ടൽ പടുത്തുയർത്തിയപ്പോഴേ അവർ പാതി ജയിച്ചു കഴിഞ്ഞിരുന്നു. ബൗളിങ്ങും ഫീൽഡിങ്ങും കൂടി ഉഷാറായപ്പോൾ വിജയത്തോടെ തുടങ്ങാൻ അവർക്കായി.
സൗത്ത് ആഫ്രിക്ക പോലെയുള്ള ഒരു ടീമിനോട് ആദ്യ മത്സരത്തിൽ തന്നെ നേടിയ വിജയം അവർക്ക് കൊടുക്കാൻ പോകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. അതു അമിതാവേശത്തിൽ കലാശിക്കാതിരുന്നാൽ ഈ ഇത്തരം വിജയങ്ങൾ ആവർത്തിച്ചു ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാൻ ബംഗ്ലാദേശിന് സാധിക്കും.