ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരമായ ബാലൻ ഡി ഓർ ഇത്തവണ ആർക്ക് ലഭിക്കും എന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള കാൽപ്പന്ത് കളി പ്രേമികൾ. 10 കൊല്ലം റൊണാൾഡോയും മെസ്സിയും അവാർഡ് കുത്തകയാക്കി വച്ചതിനു അവസാനം കുറിച്ചു കൊണ്ട് കഴിഞ്ഞ വർഷം ക്രോയേഷ്യയുടെയും റയൽ മാഡ്രിഡിന്റെയും താരമായ മോഡ്രിച്ച് ബാലൻ ഡി ഓർ നേടി. റൊണാള്ഡോയുമായി കടുത്ത പോരാട്ടത്തിനൊടുവിലാണ് മോഡ്രിച്ച് ലോകത്തിന്റെ നെറുകയിലെത്തിയത്.
ഇക്കുറിയും മത്സരം കടുക്കും എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെസ്സി തന്നെയാണ് ഇത്തവണ അവാർഡിനർഹനാകാൻ മുൻപന്തിയിലുള്ളത്. യൂ. സി. എൽ രണ്ടാം പാദ സെമി ഫൈനൽ തീരുന്നത് വരെ മെസ്സിയോട് ഈ പുരസ്ക്കാരം നേടാൻ മത്സരിക്കാൻ പോലും ഒരാളില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ കേവലം രണ്ടാഴ്ച കൊണ്ട് കാര്യങ്ങൾ മാറി മറിഞ്ഞു.
ചാമ്പ്യൻസ് ലീഗിലും കോപ്പ ഡെൽ റെയിലും ബാർസിലോണ നാണം കെട്ട തോൽവി ഏറ്റു വാങ്ങിയതോടെ മെസ്സിയുടെ അവാർഡ് പ്രതീക്ഷകൾക്ക് അത് മങ്ങലേൽപ്പിച്ചു. വ്യക്തിഗത പ്രകടനത്തിൽ ഇത്തവണ മെസ്സിക്ക് ഒപ്പം വക്കാൻ മറ്റൊരു താരമില്ലെങ്കിലും ടീമിന്റെ കിരീടം നേട്ടങ്ങൾ കൂടെ പരിഗണിച്ചാണ് പുരസ്ക്കാര നിർണയം എന്നതാണ് മെസ്സിക്ക് തിരിച്ചടിയാകുക. 4 വർഷക്കാലം കൈപ്പിടിയിലൊതുക്കിയിരുന്ന കോപ്പ ഡെൽ റേ വിട്ടു കളഞ്ഞതോടെ ബാഴ്സക്ക് ഈ സീസണിൽ ലാലിഗ കിരീടം മാത്രമേ സ്വന്തമാക്കാനായുള്ളൂ. ഇനി കോപ്പ അമേരിക്ക കിരീടം അര്ജന്റീന നേടുകയോ അതിൽ മികച്ച പ്രകടനം മെസ്സിക്ക് പുറത്തെടുക്കാൻ കഴിയുകയോ ചെയ്താൽ മെസ്സി തന്നെ ആയിരിക്കും പുരസ്ക്കാര ജേതാവ്.
എന്നാൽ മെസ്സിക്ക് പുറകെ അവാർഡിലേക്കെത്തിക്കൊണ്ടിരിക്കുന്ന ഒരു പറ്റം കളിക്കാർ കൂടെയുണ്ട്. നെതെര്ലാന്ഡ്സിന്റെയും ലിവര്പൂളിന്റെയും താരമായ വിർജിൽ വാൻ ഡൈക്ക് ആണ് അതിൽ പ്രധാനി. റെക്കോർഡ് തുകക്ക് ലിവർപൂളിൽ എത്തിയ അദ്ദേഹം വിപ്ലവകരമായ മാറ്റമാണ് പ്രതിരോധത്തിലെ നെടുംതൂണായി ലിവർപൂളിന് ഉണ്ടാക്കി കൊടുത്തത്. ഇത് വരെ ഈ സീസണിൽ ഒരു കളിക്കാരന് പോലും അദ്ദേഹത്തെ ഡ്രിബ്ബിൾ ചെയ്തു കടന്ന് പോകാൻ കഴിഞ്ഞിട്ടില്ല എന്നറിയുമ്പോൾ തന്നെ മനസിലാക്കാം എത്രത്തോളം മനോഹരമായാണ് അദ്ദേഹം ഈ സീസണിൽ കളിക്കുന്നതെന്ന്. ലിവർപൂളിന്റെ അലിസൺ ഈ സീസണിൽ 21 ക്ലീൻ ഷീറ്റ് നേടിയിട്ടുണ്ടെങ്കിൽ അതിലും നിർണായക പങ്ക് വാൻ ഡൈക്കിനുള്ളതാണ്. യൂറോപ്പ് നേഷൻസ് ലീഗിന്റെ സെമിയിലേക്ക് യോഗ്യത നേടിയ ടീമാണ് നെതർലൻഡ്സ്.
അവർക്ക് ആ കിരീടം ഉയർത്താൻ കഴിയുകയും യൂ സി എൽ ലിവർപൂളിന്റെ സ്വന്തമാക്കുകയും ചെയ്താൽ ഇത്തവണത്തെ മികച്ച താരമായി അദ്ദേഹത്തെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളേറെ. മുൻനിര താരങ്ങളിൽ നിന്ന് മധ്യനിരയിലേക്കും പ്രതിരോധനിരയിലേക്കും ഒക്കെ മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നവരുടെ ദൃഷ്ടി പതിയുന്നുണ്ടെന്ന് കഴിഞ്ഞ വർഷം നമുക്ക് മനസിലായതാണ്. അത് കൊണ്ട് തന്നെ ഈ വർഷം വാൻ ഡൈക്ക് നേടിയാലും അദ്ഭുതപ്പെടാനില്ല.
മറ്റൊരു താരം ലിവർപൂളിന്റെ തന്നെ അലിസൺ ആണ്. പ്രീമിയർ ലീഗിൽ 21 ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിട്ടുള്ള അലിസണിനു ബ്രസീലിനു കോപ്പ അമേരിക്കയും ലിവർപൂളിന് ചാമ്പ്യൻസ് ലീഗും നേടി കൊടുക്കാനായാൽ പുരസ്ക്കാരത്തിൽ കണ്ണു വയ്ക്കാവുന്നതാണ്. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇ പി എൽ കിരീടമുൾപ്പെടെ മൂന്നു കിരീടങ്ങൾ സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സ്റ്റെർലിങ് ആണ് മറ്റൊരു മത്സരാർത്ഥി. യൂറോപ്പ് നേഷൻസ് ലീഗിൽ സെമിയിലേക്ക് ഇതിനോടകം യോഗ്യത നേടിയിട്ടുള്ള ഇംഗ്ലണ്ടിന് ആ കിരീടം കൂടെ നേടി കൊടുക്കാനായാൽ സ്റ്റെർലിങ് ലോകം കീഴടക്കും.
സിറ്റിയുടെ തന്നെ താരമായ അഗ്യുറോക്കും ചെറിയ സാധ്യതകളുണ്ടെങ്കിലും കോപ്പയിൽ മെസ്സിയുടെ ടീമിൽ തന്നെ കളിക്കുന്നു എന്നതിനാൽ അര്ജന്റീന കിരീടത്തിലേക്ക് മുന്നേറിയാൽ മെസ്സിയെ കീഴ്പെടുത്തുക ഏറെ കുറേ അസാധ്യമാണ്. നേഷൻസ് ലീഗ് പോർച്ചുഗലിന് നേടി കൊടുക്കാനായാൽ റൊണാൾഡോക്കും ചെറിയ സാധ്യതയുണ്ടെങ്കിലും ഇറ്റാലിയൻ ലീഗിൽ ടോപ് സ്കോറർ അല്ല എന്നതും നേഷൻസ് ലീഗിന്റെ ആദ്യ ഘട്ടങ്ങളിൽ കളിക്കാത്തതും തിരിച്ചടിയാകുമെന്നതിനാൽ ആദ്യ 5 സ്ഥാനങ്ങളിൽ ഇടം പിടിക്കുക എന്നത് തന്നെ റൊണാൾഡോക്ക് ശ്രമകരമാണ്.
ബയേണിന്റെ ലെവൻഡോസ്കിയും യൂറോപ്പിൽ ഗോൾ വേട്ടയിൽ മെസ്സിക്ക് തൊട്ട് പുറകിൽ നിൽക്കുന്ന എംബാപ്പക്കും ലിവർപൂളിന്റെ മാനെക്കും സാലഹ്ക്കും വിദൂര സാദ്ധ്യതകൾ മാത്രമാണ് ഉള്ളത്. മുകളിൽ പറഞ്ഞവരുടെ അത്ര മികവ് പുറത്തെടുക്കാനായില്ല എന്നതും കിരീട നേട്ടങ്ങൾ കുറവാണ് എന്നതുമാണ് അതിനുള്ള കാരണങ്ങൾ. ആരു നേടിയാലും ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പായതിനാൽ അതിന്റെ പ്രഖ്യാപന ദിനത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണ്.