അടുത്ത സീസണിലെ ഇംഗ്ലീഷ് ഫുട്ബോൾ സീസൺ ആരംഭിക്കുക മാഞ്ചസ്റ്റർ സിറ്റി – ലിവർപൂൾ വെടിക്കെട്ട് പോരാട്ടത്തോടെ ആയിരിക്കുമെന്ന് ഉറപ്പായി. ഇന്നലെ നടന്ന എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ജയിച്ചതോടെയാണ് അടുത്ത സീസണിലെ ആദ്യ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടുമെന്ന് ഉറപ്പായത്. ഇംഗ്ലീഷ് ഫുട്ബോൾ സീസണിന്റെ തുടക്കമായ കമ്മ്യൂണിറ്റി ഷീൽഡിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. 2018ലെ കമ്മ്യൂണിറ്റി ഷീൽഡ് ജേതാക്കളാണ് മാഞ്ചസ്റ്റർ സിറ്റി. ചെൽസിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കമ്മ്യൂണിറ്റി ഷീൽഡ് നേടിയത്. 2006ന് ശേഷം ആദ്യമായിട്ടാണ് ലിവർപൂൾ കമ്മ്യൂണിറ്റി ഷീൽഡ് കളിക്കുന്നത്.
പ്രീമിയർ ലീഗ് ചാമ്പ്യന്മാരും എഫ്.എ കപ്പ് ചാമ്പ്യന്മാരും തമ്മിലാണ് കമ്മ്യൂണിറ്റി ഷീൽഡ് മത്സരം നടക്കാറുള്ളത്. എന്നാൽ ഇത്തവണ ഇരു കിരീടവും മാഞ്ചസ്റ്റർ സിറ്റി നേടിയത് കൊണ്ടാണ് പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ കമ്മ്യൂണിറ്റി ഷീൽഡിൽ കളിക്കുന്നത്.
പ്രീമിയർ ലീഗിൽ ലിവർപൂളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയെങ്കിലും അടുത്ത സീസണിലും ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കനക്കുമെന്ന് ഉറപ്പായി. ഇത് സീസണിന്റെ ആദ്യ മത്സരം മുതൽക്ക് തന്നെ ഫുട്ബോൾ ആരാധകർക്ക് കാണാനാവും.