വീണ്ടുമൊരു ബുണ്ടസ് ലീഗ സീസൺ കൂടെ വിടവാങ്ങുമ്പോൾ വിടപറഞ്ഞത് ബയേൺ മ്യൂണിക്കിന്റെ ഇതിഹാസതാരങ്ങളാണ്. 28ആം കിരീടം ബയേൺ ഉയർത്തുന്നതിനോടൊപ്പം റഫീഞ്ഞ്യ,റോബൻ,റിബറി എന്നീ സൂപ്പർ താരങ്ങൾ ക്ലബ്ബ് വിടുന്നു. റോബനുമായി ചേർന്ന് “റോബറി” എന്ന ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച കൂട്ട് കെട്ട് പടുത്തുയർത്തിയിരുന്നു ഫ്രാങ്ക് റിബറി. റിബറിയുടെ 9ആം ബുണ്ടസ് ലീഗ കിരീടമായിരുന്നു ഇന്നലത്തേത്.
ജർമ്മൻ ഫുട്ബോൾ ലീഗിന്റെ ചരിത്രത്തിൽ വേറൊരു താരത്തിനും അവകാശപ്പെടാനില്ല ഈ നേട്ടം. ബൊറുസിയ ഡോർട്ട്മുണ്ട് നേടിയത് 8 കിരീടങ്ങൾ മാത്രമാണെന്നത് മറക്കരുത്. 12 വർഷമായി ഫ്രഞ്ച് താരമായ റിബറി ബവേറിയയിൽ കളിക്കുന്നുണ്ട്. 423 മത്സരങ്ങളിൽ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ക്ലബ്ബിന് വേണ്ടി 22 കിരീടങ്ങൾ നേടിയിട്ടുണ്ട്.
ഒരു കാലഘട്ടത്തിന്റെ മനോഹരമായ ഓർമ്മകൾ ആരാധകർക്ക് നൽകിയാണ് ഈ ഫ്രഞ്ച് ഇതിഹാസം ബവേറിയ വിടുന്നത്. ആരാധകർക്ക് മുന്നിലുള്ള വിടവാങ്ങൽ പ്രസംഗത്തിൽ വാക്കുകൾ മുഴുവിപ്പിക്കാനാകതെ വിതുമ്പുന്ന റിബറിയുടെ മുഖം ഒരു ഫുട്ബോൾ ആരാധകന്റെ മനസിൽ നിന്നും മായുകയില്ല.